കൽപറ്റ: നിലമ്പൂർ-സുൽത്താൻബത്തേരി-നഞ്ചൻകോട് റെയിൽപാതയുടെ വിശദ പദ്ധതി രേഖയും അന്തിമ സ്ഥലനിർണയ സർവേയും റെയിൽവേ ബോർഡ് നേരിട്ട് തയാറാക്കാൻ തീരുമാനം. ഇതിനായി 5.9 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങി. ഇതോടെ വയനാടിന്റെ റെയിൽവേ സ്വപ്നത്തിന് കൂടുതൽ ശക്തിയായി. ഡോ. ഇ. ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
നീലഗിരി- വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റിയുടെ അഞ്ച് വർഷങ്ങളായുള്ള സമരപോരാട്ടങ്ങളുടെയും നിയമനടപടികളുടെയും വിജയംകൂടിയായി കേന്ദ്ര സർക്കാർ തീരുമാനം.2012ൽ പാർലമെന്റിൽ എടുത്ത തീരുമാനപ്രകാരം സതേൺ റെയിൽവേ പ്രാഥമികസർവേ നടത്തി. തുടർന്ന് കേരള-കേന്ദ്ര സർക്കാറുകൾ ഈ പാത സംയുക്ത സംരംഭമായി നിർമിക്കാനായി കരാർ ഒപ്പിട്ടു.
2016 ഫെബ്രുവരി 24ന് റെയിൽവേ ബജറ്റിലൂടെ നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതക്ക് കേന്ദ്രസർക്കാർ അനുമതിനൽകി.3000 കോടിരൂപ കേന്ദ്രവിഹിതം പ്രഖ്യാപിക്കുന്ന സംയുക്ത സംരംഭ പദ്ധതികളിൽ ഉൾപ്പെടുത്തി ഡി.പി.ആർ തയാറാക്കാൻ കേരളസർക്കാറിന് അനുമതി നൽകി.
















