കൊച്ചി: കൊച്ചി പുറങ്കടലിലെ മയക്കുമരുന്ന് വേട്ടയ്ക്കിടെ പിടികൂടിയത് പാക്ക് സ്വദേശിയെന്ന് സ്ഥിരീകരിച്ച് എൻസിബി. സുബീർ ദെറക്ഷാൻഡേയാണ് പിടിയിലായത്. രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട ലഹരിമരുന്ന് വേട്ടയാണ് പുറങ്കടലിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുളളിൽ നടന്നത്. ലഹരിമരുന്ന് കൊണ്ടുവന്ന കപ്പലും കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്നലെയാണ് കൊച്ചിയുടെ പുറങ്കടലിൽ വൻ ലഹരിമരുന്ന് വേട്ട നടന്നത്. നാവിക സേനയുടെ സഹായത്തോടെ കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ പാകിസ്ഥാൻ പൗരൻ എന്ന് സംശയിക്കുന്നയാളെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
കൊച്ചി ലഹരി മരുന്ന് വേട്ടയുടെ കണക്കെടുപ്പ് പൂർത്തിയായെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വെളിപ്പെടുത്തി. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ മൂല്യം 25000 കോടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. ആദ്യം കരുതിയത് മയക്കുമരുന്നിന്‍റെ മൂല്യം 12000 കോടിയോളമെന്നായിരുന്നു. എന്നാൽ വിശദമായ പരിശോധനയിലും കണക്കെടുപ്പിലുമാണ് 25000 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് വ്യക്തമായത്. പിടികൂടിയത് 2525കിലോ മെത്താആംഫിറ്റമിനാണെന്നും അധികൃതർ വ്യക്തമാക്കി.
















