തൃശൂർ: റോഡ് ക്യാമറ പദ്ധതിക്കു കരാർ നൽകിയതിൽ ക്രമക്കേടുണ്ടോ എന്നു പഠിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മാസത്തോളമായിട്ടും എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാത്തതെന്നു വളരെ വ്യക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യപിതാവിനെതിരെ റിപ്പോർട്ട് നൽകാൻ ഒരു ഗവൺമെന്റ് സെക്രട്ടറിക്കും ആകില്ലെന്നു ചെന്നിത്തല പറഞ്ഞു. തൃശൂർ ഡിസിസി ഓഫിസിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ചെന്നിത്തല.
‘‘കർണാടകയിൽ 40% കമ്മിഷനെങ്കിൽ കേരളത്തിൽ 80 ശതമാനമാണ്. 100 കോടി രൂപയിൽ താഴെ വരുന്ന പദ്ധതി 232 കോടി രൂപയായി ഉയർത്തിയത് പ്രസാഡിയോ കമ്പനിയുടെ ഫണ്ടിലേക്കു പാവങ്ങളുടെ കയ്യിൽനിന്നു പിരിച്ച പിഴ എത്താൻ വേണ്ടിയാണ്. ഇതാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സർക്കാരിനു നഷ്ടമില്ലെന്നു പറയുന്നത്.
സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അഹങ്കാരം കൂടി. തോന്നിയത് ചെയ്യും ആരാണ് ചോദിക്കാനെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ജനങ്ങളുടെ പ്രതിഷേധം ഭയന്നാണ് റോഡ് ക്യാമറ വഴി പിഴ ഈടാക്കുന്ന നടപടി നീട്ടിവയ്ക്കുന്നത്. എസ്ആർഐടിയുടെ വക്കീൽ നോട്ടിസിനു മറുപടി നൽകും. അപകീർത്തികരമായി ഞാൻ എന്താണ് പറഞ്ഞതെന്ന് നോട്ടിസിലില്ല’’ – ചെന്നിത്തല കൂട്ടിച്ചേർത്തു.