തിരുവനന്തപുരം: തിരുവനന്തപുരത്തെ മതപഠന കേന്ദ്രത്തിൽ കൗമാരക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ബീമാപള്ളി സ്വദേശിനി അസ്മിയ മോൾ ആണ് ബാലരപാമപുരത്തെ മതപഠനകേന്ദ്രത്തിൽ തൂങ്ങി മരിച്ചത്.
ശനിയാഴ്ചയാണ് അസ്മിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്മിയ മോളുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 17കാരിയായ അസ്മിയ മോൾ മതപഠന കേന്ദ്രത്തിൽ താമസിച്ചാണ് പഠിച്ചിരുന്നത്.
സ്ഥാപന അധികൃതരിൽ നിന്നും കുട്ടി പീഡനം നേരിട്ടതായാണ് ബന്ധുക്കളുടെ ആരോപണം. ഈ സ്ഥാപനത്തെക്കുറിച്ച് കുട്ടി വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. കൂടാതെ ശനിയാഴ്ച ഉമ്മയെ വിളിച്ച് ഉടൻതന്നെ ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, സ്ഥാപനത്തിലെത്തിയ ഉമ്മയെ ആദ്യം കുട്ടിയെ കാണിക്കാൻ അധികൃതർ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയിൽ തൂങ്ങി മരിച്ചുവെന്നാണ് അറിഞ്ഞത്. അസ്വഭാവിക മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.