ബംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് ഭരണം പിടിച്ചെങ്കിലും ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ ആകാംക്ഷ തുടരുന്നു. മുതിർന്ന നേതാക്കളായ ഡി കെ ശിവകുമാറിന്റേയും സിദ്ധരാമയ്യയുടെയും പേരുകളാണ് പ്രധാനമായി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഡി കെ ശിവകുമാറിനെയാണ് പിന്തുണയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നിയുക്ത എംഎൽഎമാരിൽ ഭൂരിപക്ഷവും രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയോടൊപ്പമാണ് എന്നാണ് വിവരം.
ഇന്ന് വൈകീട്ട് ചേരുന്ന കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എംഎൽഎമാരുടെ അഭിപ്രായം കണക്കിലെടുത്താകും ഹൈക്കമാന്റ് തീരുമാനമെടുക്കുക. പാർട്ടിയെ ചലിപ്പിച്ചതിലും സംഘടനയെ ശക്തിപ്പെടുത്തിയതിലും ഡി കെ ശിവകുമാറിന്റെ പങ്കാണ് നേതൃത്വം കണക്കിലെടുക്കുന്നത്. അതേസമയം കർണാടകയിലെ ജനപ്രിയ നേതാവ് എന്ന നിലയിലാണ് രാഹുൽ ഗാന്ധി അടക്കമുള്ളവർ സിദ്ധരാമയ്യയെ അനുകൂലിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
കർണാടകത്തിൽ ജയിച്ച മുഴുവൻ സ്ഥാനാർത്ഥികളോടും ഉടൻ ബംഗളൂരുവിൽ എത്താൻ പാർട്ടി നേതൃത്വം കഴിഞ്ഞ ദിവസം നിർദേശം നൽകിയിട്ടുണ്ട്. സിദ്ധരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകൻ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 137 സീറ്റിലാണ് കോൺഗ്രസിന്റെ വിജയം. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലാണ് നേട്ടമുണ്ടാക്കാനായത്.