ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’ സിനിമയെ പ്രശംസിച്ച് നടൻ ടിനി ടോം. 2018 താൻ മറക്കാൻ ശ്രമിക്കുന്ന വർഷമാണെന്നും പ്രളയ ബാധിതനായ തന്നെ ഈ സിനിമ ഒരുപാട് ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ടിനി ടോം പറയുന്നു.
‘‘ഇത് യഥാർഥത്തിൽ നടന്ന കഥയാണ്. ‘2018’ സിനിമ റിലീസ് ദിവസം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. പക്ഷേ സിനിമ കുടുംബ സമേതം കാണാൻ സാധിച്ചത് ഇന്നലെയാണ്. ‘2018 ഞാൻ മറക്കാൻ ശ്രമിക്കുന്ന വർഷമാണ്, കാരണം ഞാൻ ഒരു പ്രളയ ബാധിതനാണ്. എല്ലാം നഷ്ട്ടപെട്ടവനാണ് അവിടുന്ന് ജീവിതം വീണ്ടും തുടങ്ങിയവനാണ്.
ഈ സിനിമ എനിക്ക് ഒരുപാട് വിങ്ങൽ ഉണ്ടാക്കിയെങ്കിലും ഒരു ദുരന്തം ഉണ്ടായപ്പോൾ നമ്മൾ ഒന്നിച്ചു നിന്ന ആ ‘ലഹരി’ നമുക്ക് ഒരുപാട് സന്തോഷം നൽകുന്നു. ഒരു വിഷമം മാത്രം ഒരു ദുരന്തം ഉണ്ടാകുമ്പോഴാണ് നാം മതവും രാഷ്ട്രീയവും മറന്ന് ഒന്നാകുന്നത്. ഈ സിനിമയിൽ നമ്മൾ ഒന്നാണ്. ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ, ഇത് പോലുള്ള നല്ല സിനിമകൾ ഉണ്ടാകട്ടെ. സിനിമയാണ് എന്റെ ‘ലഹരി’. സഹോദരതുല്യനായ ജൂഡ് ആന്തണിക്കും അദ്ദേഹത്തിന്റെ ടീമിനും ഒരു വലിയ സല്യൂട്ട്.’’–ടിനി ടോം കുറിച്ചു.