പറവൂർ: തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. ഓട്ടോ ഡ്രൈവറായ പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവിന്റെയും കവിതയുടെയും മകൾ ശ്രീവേദ (10),കവിതയുടെ സഹോദര പുത്രൻ മന്നം ക്ഷേത്രത്തിന് സമീപം തളിയിലപാടം വീട്ടിൽ വിനു-നിത ദന്പതികളുടെ മകൻ കണ്ണൻ എന്നു വിളിക്കുന്ന അഭിനവ് (13), കവിതയുടെ തന്നെ സഹോദരീപുത്രൻ ഇരിങ്ങാലക്കുട കുണ്ടാടവീട്ടിൽ രാജേഷ് – വിനീത ദമ്പതികളുടെ മകൻ ശ്രീരാഗ് (13) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്.
ഉച്ചയ്ക്ക് രണ്ടോടെയാണ് കുട്ടികൾ ഇവിടെ കുളിക്കാനെത്തിയത്. നീന്തലറിയാവുന്ന ഇവർ ഇവിടെ ഏറെ നേരം നീന്തികളിച്ചിരുന്നു. ഇവർ വന്ന ഒരു സൈക്കിളും ഇവരുടെ ചെരുപ്പുകളും വസ്ത്രങ്ങളും പുഴക്കരയിൽ ഉണ്ടായിരുന്നു.
തട്ടുകടവ് പാലത്തിന് താഴെയായതിനാൽ സാധാരണ ആരും ഇവിടെ ഉണ്ടാവാറില്ല. അതിനാൽ അപകടമുണ്ടായതും കുട്ടികൾ മുങ്ങി പോയതും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ആഴമേറിയ പുഴയ്ക്ക് നാലാൾ താഴ്ചയെങ്കിലുമുണ്ടാകും. ഒഴുക്കും കൂടുതലാണ്. ഉപ്പുള്ള മലിനജലമായതിനാൽ പലരും ഇവിടെ കുളിക്കാറില്ല.