ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ തോൽപ്പിച്ച് പഞ്ചാബ് കിങ്സിന് മിന്നും ജയം. പഞ്ചാബ് ഉയർത്തിയ 168 റൺസിനു മുന്നിൽ ഡൽഹിയുടെ ഇന്നിങ്സ് എട്ടിന് 136 എന്ന നിലയിൽ അവസാനിച്ചു. മികച്ച ബോളിങ് കാഴ്ച്ചവച്ചതാണ് പഞ്ചാബിന് തുണയായത്.
ഓപ്പണർ ഡേവിഡ് വാർണർ 27 പന്തിൽ 54 റൺസ്, ഫിലിപ്പ് സോർട്ട് 17 പന്തിൽ 21 റൺസ് എന്നിവർ ഡൽഹി ക്യാപ്പിറ്റൽസിനായി മികച്ച പ്രകടനം കാഴച്ചവച്ചെങ്കിലും വിജയം നേടനായില്ല. മിച്ചൽ മാർഷ് നാല് പന്തിൽ മൂന്ന്, റിലേ റൂസോ അഞ്ച് പന്തിൽ അഞ്ച്, അക്സർ പട്ടേൽ രണ്ട് പന്തിൽ ഒന്ന്, മനീഷ് പാണ്ഡെ മൂന്ന് പന്തിൽ പൂജ്യം, അമാൻ ഹക്കീം ഖാൻ 18 പന്തിൽ 16, കുൽദീപ് യാദവ് 11 പന്തിൽ അഞ്ച്, പ്രവീൺ ദുബെ 20 പന്തിൽ 16 എന്നിവർ ഡൽഹി നിരയിൽ നിറം മങ്ങി.
പഞ്ചാബിനായി ഹർപ്രീത് ബ്രാർ നാല് വിക്കറ്റാണ് നേടിയത്. രാഹുൽ ചഹർ രണ്ടും നഥാൻ എല്ലിസ് ഒരു വിക്കറ്റും നേടി. റൺസ് വിട്ടു കൊടുക്കുന്നതിൽ പിശുക്ക് കാട്ടിയും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയുമാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്.
നേരത്തെ ഓപ്പണർ പ്രഭ്സിമ്രൻ സിങിന്റെ സെഞ്ചറി മികവിലാണ് പഞ്ചാബ് മികച്ച സ്കോറിലെത്തിയത്. 10 ഫോറും ആറു സിക്സും സഹിതം 65 പന്തിൽ 103 റൺസാണ് പ്രഭ്സിമ്രൻ സിങ് നേടിയത്. ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോഴും 19 ഓവറിലെ രണ്ടാം പന്തിൽ മുകേഷ് ശർമ്മ കീഴടങ്ങുന്നതു വരെ നങ്കൂരമിട്ട പ്രഭ്സിമ്രൻ സിങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. പഞ്ചാബ് കിങ്സിന് 7 വിക്കറ്റിൽ167 റൺസാണ് നേടാനായത്
അവസാന ഓവറിലെ രണ്ടാം പന്തിൽ ഖലീൽ അഹമ്മദിനെ സിക്കന്തർ റാസ സിക്സർ പറത്തിയെങ്കിലും പിന്നീട് കാര്യമായി ഒന്നും ചെയ്യാനായില്ല. മത്സരം തീരാൻ ഒരു പന്ത് മാത്ര ശേഷിക്കെ നാല് പന്തിൽ രണ്ട് റൺസ് നേടിയ ഷാരുഖ് ഖാൻ റൺ ഔട്ടായതും പഞ്ചാബിന് തിരിച്ചടിയായി. ഏഴ് പന്തിൽ 11 റൺസ് നേടിയ സിക്കന്തർ റാസയും റൺസ് ഒന്നും നേടാത്ത റിഷി ധവാനും പുറത്താകതെ നിന്നു.
നായകനും ഓപ്പണറുമായ ശിഖർ ധവാൻ അടിച്ച പന്ത് റിലേ റൂസോയുടെ കൈകളിലെത്തിച്ച് ഇഷാന്ത് ശർമ്മയാണ് പഞ്ചാബ് കിങ്സിന്റെ ആദ്യ വിക്കറ്റ് നേടിയത്. അഞ്ച് പന്തിൽ ഏഴ് റൺസ് മാത്രമാണ് ധവാൻ നേടിയത്. അധികം താമസിക്കാതെ ലിയാം ലിവിങ്സ്റ്റനിനെയും ഇഷാന്ത് ശർമ്മ പവലിയനിലേക്ക് മടക്കി. അഞ്ച് പന്തിൽ നിന്നും നാല് റൺസ് നേടിയ ലിവിങ്സ്റ്റനും പിന്നാലെ ക്രീസിലെത്തിയ ജിതേഷ് ശർമ്മയും അഞ്ച് പന്തിൽ നിന്നും അഞ്ച് റൺസ് മാത്രം നേടി പുറത്തായതോടെ പഞ്ചാബ് ആരാധകർ നിരാശയിലായി. അക്സ്ർ പട്ടേലിനായിരുന്നു ഇത്തവണ വിക്കറ്റ്. 5.4 ഓവറിൽ 45ന് മൂന്ന് എന്ന നിലയിൽ തകർന്ന് തുടങ്ങിയ പഞ്ചാബിനെ അഞ്ചാമനായി ക്രീസിലെത്തിയ സാം കറനും ഓപ്പണർ പ്രഭ്സിമ്രൻ സിങും ചേർന്നാണ് കരകയറ്റിയത്.
24 പന്തിൽ 20 റൺസ് നേടിയ സാം കറനെ പ്രവീൺ ദുബെയാണ് അമാൻ ഹക്കീം ഖാന്റെ കൈളിലെത്തിച്ചത്. 72 റൺസാണ് സാം കറനും പ്രഭ്സിമ്രൻ സിങും ചേർന്ന് കൂട്ടിച്ചേർത്തത്. ഡൽഹി ക്യാപ്റ്റൽസിനായി ഇഷാന്ത് ശർമ്മ രണ്ടും അക്സർ പട്ടേൽ, പ്രവീൺ ദുംബെ, മുകേഷ് ശർമ്മ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.