കൂവപ്പടി ജി. ഹരികുമാർ
ആലുവ: കൊച്ചു കുട്ടികളുടെ നൈസർഗ്ഗികമായ സ്വഭാവസവിശേഷതയാണ് ചുറ്റും കാണുന്ന എന്തിനെയും ജിജ്ഞാസയോടെയും താത്പര്യത്തോടെയും നോക്കിക്കാണുകയെന്നത്. വീട്ടിൽനിന്നും വിദ്യാലയത്തിൽനിന്നും സമൂഹത്തിൽനിന്നും ചെറുപ്രായത്തിലേ അവർ പലതും പഠിച്ചെടുക്കുന്നു. വിനോദത്തോടൊപ്പം വിജ്ഞാനം പകരുന്ന വായനയുടെ വിശാലമായ ലോകത്തേയ്ക്ക് അവരുടെ ശ്രദ്ധയാകർഷിയ്ക്കാൻ മലയാളത്തിലെ ബാലസാഹിത്യകാരന്മാർ എക്കാലവും നൽകിയ സംഭാവന വളരെ വിലപ്പെട്ടതാണ്. സരളവും ലളിതമധുരവും നർമ്മരസപ്രധാനവും ചിന്തോദ്ദീപകവുമായ കുട്ടിക്കവിതകളിലൂടെ ഒരുകാലത്ത് കുഞ്ഞുങ്ങളുടെ മനസ്സിൽ ഇടം നേടിയ എഴുത്തുകാരനാണ് നീലീശ്വരം രാമൻകുഞ്ഞി.
പത്രങ്ങളിലും ആനുകാലികങ്ങളിലും കാമ്പുള്ള ലേഖനങ്ങളും കവിതകളുമെഴുതിക്കൊണ്ടായിരുന്നു തുടക്കം.1970-കളിലാണ് കുട്ടികൾക്കായുള്ള സാഹിതീയ സപര്യ തുടങ്ങിയത്. ലളിതപദങ്ങളുടെ ധാരാളിത്തത്തിൽ കുഞ്ഞുമനസ്സുകളിൽ അക്ഷരങ്ങളെയും ആശയങ്ങളെയും അരക്കിട്ടുറപ്പിയ്ക്കാൻതക്ക ബലമുള്ള വരികളായിരുന്നു രാമൻകുഞ്ഞിയുടെ കവിതകളിലെല്ലാം. ആദർശനിറങ്ങളായ വാങ്മയചിത്രങ്ങളുടെ കർത്താവ് എന്നാണ് പ്രശസ്ത നിരൂപകൻ സി.പി. ശ്രീധരൻ അക്കാലത്ത് രാമൻകുഞ്ഞിയെ വിശേഷിപ്പിച്ചത്. രാമൻകുഞ്ഞിയുടെ നുറുങ്ങു കവിതകൾ ഏറെയും അച്ചടിച്ചു വന്നത് പൂമ്പാറ്റ, ബാലരമ, ബാലഭൂമി തുടങ്ങിയ പ്രസിദ്ധീകരങ്ങളിലൂടെയാണ്. കുഞ്ഞുകുഞ്ഞാശയങ്ങൾ സാരോപദേശങ്ങളായി കുട്ടികളുടെ ഹൃദയത്തിൽ പതിപ്പിയ്ക്കാൻ അദ്ദേഹത്തിന്റെ തൂലികയ്ക്ക് കഴിഞ്ഞിരുന്നു. രാമൻകുഞ്ഞിയുടെ ഔദ്യോഗിക ജീവിതം കൊച്ചുകുട്ടികളുടെ
ലോകത്തായിരുന്നതിനാലാകാം നിഷ്പ്രയാസം രചനനിർവ്വഹിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കവിതകൾ എഴുതുമ്പോൾ കവിയും ഒരു കുഞ്ഞായി മാറിക്കൊണ്ടായിരുന്നു രചനകളത്രയും. നർമ്മത്തിൽ ചാലിച്ചെടുത്തവയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
കുട്ടികളുടെ സാഹിത്യലോകത്തെ അമരക്കാരനായിരുന്ന ‘പൂമ്പാറ്റ അനന്ത് പൈ’യുമായി ഒരു പ്രത്യേക ആത്മബന്ധം സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന്റെ കവിതകളെഴുതിത്തുടങ്ങിയതോടെയായാണ് ശ്രദ്ധിയ്ക്കപ്പെട്ടത്. മിക്കവാറും ഇവയുടെ എല്ലാ ലക്കങ്ങളിലും അദ്ദേഹത്തിന്റെ ഒരു കവിത സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്നു. കുഞ്ഞുണ്ണി മാഷിന്റെ സമകാലികനായി ബാലസാഹിത്യം കൈകാര്യം ചെയ്തിരുന്നെങ്കിലും അർഹിയ്ക്കുന്ന അംഗീകാരങ്ങളൊന്നും ഈ മേഖലയിൽ നിന്നും അദ്ദേഹത്തിന് കിട്ടിയിരുന്നില്ല. അധ്യാപക കലാസാഹിത്യവേദി അവാർഡ്, ഭീമ ബാലസാഹിത്യ അവാർഡ് എന്നിവയാണ് ആകെ കിട്ടിയ അംഗീകാരങ്ങൾ. അതിൽ അദ്ദേഹത്തിന് പരിഭവവും ഉണ്ടായിരുന്നില്ല. പ്രശസ്തിയാഗ്രഹിച്ചുകൊണ്ടുള്ള ഒരു പ്രവർത്തിയല്ല, തനിയ്ക്ക് കവിത എന്നദ്ദേഹം പലപ്പോഴും പറയുമായിരുന്നു. അമ്പതു വർഷത്തോളം ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചിട്ടും പുസ്തകപ്രസാധനത്തിനായി അദ്ദേഹം മുതിർന്നില്ല.
ആലുവയിലെ ഗവണ്മെന്റ് ബോയ്സ് സ്കൂളിലും ഗേൾസ് സ്കൂളിലും കുട്ടമശ്ശേരി ഗവണ്മെന്റ് സ്കൂളിലും അധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു. 1995-ൽ വിരമിച്ച ശേഷം ആലുവ ഉളിയന്നൂരിലെ ഗായത്രി സദനത്തിലിരുന്ന് വിവിധ പ്രസിദ്ധീകരണങ്ങൾക്കായി ബാലപംക്തികളിൽ കവിതകളെഴുതിയിരുന്നു രാമൻകുഞ്ഞി. ആദ്യകാലങ്ങളിൽ, ആലുവയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ഗുരുദേവൻ’ മാസികയുടെ പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്നു.
2019 ഒക്ടോബറിലായിരുന്നു അന്ത്യം. മരണാനന്തരം അദ്ദേഹത്തിന്റെ എൺപത്തിനാലാം ജന്മദിനവേളയിൽ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നടത്തുവാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മെയ് 14 ഞായറാഴ്ച വൈകിട്ട് 3ന് ആലുവ മഹനാമി ഹോട്ടൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന അനുസ്മരണച്ചടങ്ങിനോടനുബന്ധിച്ച്, കാവ്യസമാഹാരങ്ങളായ നീരുറവ, കാവ്യം സമർപ്പയാമി എന്നിവയുടെ പ്രകാശനം നടക്കുമെന്ന് സഹോദരൻ ഡോ. പി.കെ. ബാലകൃഷ്ണൻ കുഞ്ഞി അറിയിച്ചു. മോഹൻദാസ് പറയത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രഫുല്ലചന്ദ്രൻ ചങ്ങമ്പുഴ സ്വാഗതം പറയും. അനുസ്മരണ സമ്മേളനം കവിയും ഗാനരചയിതാവുമായ ശ്രീകുമാർ മുഖത്തല ഉദ്ഘാടനം ചെയ്യും. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിയ്ക്കും.
ആലുവ കാരോത്തുകുഴി ആശുപത്രിയിലെ ഡോ. എച്ച്. അഹമ്മദ്, കൊച്ചി തീരസംരക്ഷണ സേന ഡി.ഐ.ജി. ആർ. രമേഷ്, എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. അജിത്ത് പാവംകോട് പുസ്തകങ്ങൾ പരിചയപ്പെടുത്തും. ഡോ. പി. കെ. ബാലചന്ദ്രൻ കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തും. ഇ.കെ. രാജവർമ, ബാലൻ ഏലൂക്കര, ശശികുമാർ, ശിവൻ മുപ്പത്തടം, മോഹനൻ നായർ പൊന്നക്കുടം, കടുങ്ങല്ലൂർ നാരായണൻ, ഓംകാർ, ഹൈദ്രോസ് ആലുവ, സുഗുണൻ ചൂർണ്ണിക്കര, പീതാംബരൻ ഐക്കുളത്ത് തുടങ്ങിയവർ ആശംസകളർപ്പിയ്ക്കും. സമാപനവേളയിൽ നീലീശ്വരം രാമൻകുഞ്ഞിയുടെ സഹധർമ്മിണിയും റിട്ട. അധ്യാപികയുമായ സതിക്കുഞ്ഞമ്മ കീർത്തനമാലപിയ്ക്കും. മകൻ ഗണേഷ്ലാൽ മഹാദേവ് നന്ദി പ്രകാശിപ്പിയ്ക്കും.