കൊല്ലം: ഡോ: വന്ദനയുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് അച്ഛൻ മോഹൻദാസ്. ചിലർ പറയുന്നത് ആവശ്യമില്ലാത്ത കാര്യങ്ങളാണ്. പലതും സഹിക്കാനാകുന്നില്ല. എന്തിനാണ് പൊലീസ് സംവിധാനം പ്രവർത്തിക്കുന്നതെന്നും ഒരു കസേര എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേ എന്നും മോഹൻദാസ് ചോദിച്ചു. കെ കെ ശൈലജ കുടുംബത്തെ കാണാനെത്തിയപ്പോഴായിരുന്നു പിതാവിന്‍റെ വൈകാരിക പ്രതികരണം.
‘പോലീസുകാരുടെ കൈയില്‍ തോക്കുണ്ടായിരുന്നു. അതുപയോഗിക്കേണ്ട, പ്ലാസ്റ്റിക്ക് കസേരയുണ്ടായിരുന്നില്ലേ. അതെടുത്തൊന്ന് അടിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നില്ലേ? അക്രമിയെ പിടിച്ചുവെക്കാന്‍ കഴിയുമായിരുന്നില്ലേ? പിന്നെന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചുകൊണ്ടിരിക്കുന്നത്,’ വന്ദനയുടെ പിതാവ് ചോദിച്ചു.
‘പഞ്ചാബിലായിരുന്നു മകള്‍ക്ക് ആദ്യം അഡ്മിഷന്‍ ലഭിച്ചത്. അവിടെ വിടാന്‍ കഴിയാത്തതിനാലാണ് ഇവിടെ കാശുകൊടുത്ത് അഡ്മിഷന്‍ എടുത്തത്. എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു കൊച്ച് ഡോക്ടറാകണമെന്ന്. മൂന്നോ നാലോ മാസം കഴിയുമ്പോഴേക്കും എന്റെ കൊച്ച് എന്റടുത്ത് വന്നേനെ’, മകളെക്കുറിച്ച് പറയുമ്പോള്‍ പിതാവ് വികാരാധീനനായി.
ജീവിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കണം. അതില്ലാത്തതുകൊണ്ടല്ലേ ആളുകള്‍ കേരളത്തിന് പുറത്തേക്ക് പോകുന്നത്. ഇവിടെ എന്തുണ്ടായിട്ടെന്താ ജീവിക്കാനുള്ള സാഹചര്യമില്ല. പുറത്തുപോയാല്‍ പിന്നെ ഏതെങ്കിലും കുട്ടികള്‍ തിരിച്ചുവരുമോ? എട്ടുപത്തുവര്‍ഷം കഴിയുമ്പോഴേക്കും കേരളത്തിലിനി കിഴവന്മാര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. വിദേശത്തുപോയവര്‍ പിന്നെ തിരിച്ചുവരില്ലെന്നും വന്ദനയുടെ പിതാവ് ചൂണ്ടിക്കാട്ടി.
അതേസമയം വന്ദനയുടെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. എഫ്ഐആറിലെ പിഴവുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഹൈക്കോടതിയുടെ വിമർശനവും എഫ് ഐ ആറിലെ പിഴവും കടുത്ത നാണക്കേടുണ്ടാക്കിയതായി എഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.
സന്ദീപിനെ ചികിത്സിക്കുമ്പോൾ പൊലീസുകാർ മാറി നിന്നതിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലാകും ക്രൈബ്രാഞ്ച് അന്വേഷണം നടക്കുക. റൂറൽ എസ് പി എം.എൽ സുനിലിനാണ് മേൽനോട്ട ചുമതല. സന്ദീപിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് കൊട്ടാരക്കര പൊലീസിന് കാര്യമായി വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നണ് വിവരം.
















