ന്യൂഡൽഹി: ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷിച്ച നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മൂംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെയ്ക്കെതിരെ സിബിഐ കേസെടുത്തു. അഴിമതിക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സമീർ വാങ്കഡെ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്. വാങ്കഡെയുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തി.
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സമീർ വാങ്കഡെ അഴിമതിയിലൂടെ സ്വത്ത് സമ്പാദിച്ചതായി വിജിൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ആര്യൻ ഖാനെതിരെ കേസെടുക്കാതിരിക്കാൻ 25 കോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് പ്രത്യേക വിജിലൻസ് അന്വേഷണം നടത്തിയത്. പിന്നീട് ടാക്സ്പേയർ സർവീസ് ഡയറക്ടറേറ്റിലേക്ക് വാങ്കഡെയെ സ്ഥലം മാറ്റിയിരുന്നു.
2021ൽ ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഖാനെ അടക്കം അറസ്റ്റ് ചെയ്ത എൻസിബി സംഘത്തിന്റെ മേധാവിയായിരുന്നു വാങ്കഡെ. സംഘത്തിലെ എസ്പി അടക്കം രണ്ട് ഉദ്യോഗസ്ഥരെ മറ്റു കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരിൽ സർവീസിൽ നിന്നും കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. അന്വേഷണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടിയെന്ന് എൻസിബി മേധാവി അറിയിച്ചു.
















