തിരുവനന്തപുരം: ഡോ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൗസ് സർജന്മാർ നടത്തിവന്ന സമരത്തിലും മാറ്റം. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ബഹിഷ്കരണം ഹൗസ് സർജന്മാർ പിൻവലിച്ചു. ഇന്ന് രാത്രി എട്ട് മുതൽ ജോലിക്ക് കയറാനാണ് തീരുമാനം. മറ്റ് വിഭാഗങ്ങളിലെ സമരവുമായി ബന്ധപ്പെട്ട് തീരുമാനം രാത്രിയോടെ കൈക്കൊള്ളുമെന്ന് ഹൗസ് സർജന്മാർ അറിയിച്ചു.
ആരോഗ്യമന്ത്രി, ഡി.എം.ഇ എന്നിവരുമായി നടത്തിയ ചർച്ചയിൽ കെ.എച്ച്.എസ്.എ മുന്നോട്ട് വെച്ച ആവശ്യങ്ങളോട് ക്രിയാത്മകമായ പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് സമരം നിർത്താൻ തീരുമാനിച്ചത്. നേരത്തെ പിജി ഡോക്ടർമാർ സമരം ഭാഗികമായി പിൻവലിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലെ ജോലിയിൽ തിരികെ പ്രവേശിക്കാനായിരുന്നു തീരുമാനം. എന്നാൽ ഒപി ബഹിഷ്കരണം തുടരാനാണ് പിജി ഡോക്ടർമാർ നിശ്ചയിച്ചിരിക്കുന്നത്. ഈ സമരവും പിൻവലിക്കണോയെന്നത് യോഗം ചേർന്ന് തീരുമാനിക്കാനാണ് സമരക്കാരുടെ തീരുമാനം.
പിജി വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ എന്നിവർ ഉന്നയിച്ച പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. മെഡിക്കൽ റസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളിൽ പോകുന്നവർക്കായി ഉടൻ തന്നെ എസ്ഒപി പുറത്തിറക്കും. ഹൗസ് സർജൻമാരുടെ പ്രശ്‌നങ്ങളും കമ്മിറ്റി പരിശോധിക്കും.
റസിഡൻസി മാന്വൽ കർശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സർക്കുലർ ഇറക്കും. വകുപ്പ് മേധാവികൾ വിദ്യാർത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി. പിജി വിദ്യാർത്ഥികൾ ഹൗസ് സർജൻമാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
















