ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് രണ്ട് ആഴ്ചത്തെ ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ഇമ്രാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് അഴിമതിക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വൻ സുരക്ഷാ സന്നാഹത്തോടെയാണ് ഇമ്രാനെ കോടതിയിലെത്തിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ഹാജരായപ്പോഴാണ്, സാമ്പത്തികകുറ്റങ്ങൾ അന്വേഷിക്കുന്ന നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) ഇമ്രാനെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽനിന്ന് അറസ്റ്റ് ചെയ്തത്. കോടതിമുറിയിൽ കടന്ന് ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടിയിൽ രോഷം പ്രകടിപ്പിച്ച സുപ്രീം കോടതി, റജിസ്ട്രാറുടെ അനുമതിയില്ലാതെ കോടതിയിൽനിന്ന് ആരെയും അറസ്റ്റ് ചെയ്യാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇമ്രാനെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കുകയായിരുന്നു.