കൊല്ലം: കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദനയ്ക്ക് നീതി ലഭ്യമാക്കണമെന്ന് സുഹൃത്തുക്കള്‍. പ്രതി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിതെന്നും ആയുധം ഒളിപ്പിച്ച് വച്ചശേഷം സന്ദീപ് ആക്രമിക്കുകയായിരുന്നുവെന്നും വന്ദനയുടെ സുഹൃത്ത് ഡോ. നാദിയ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി സന്ദീപ് ഒന്നുമറിയാതെ ചെയ്തു എന്ന് പലരും പ്രചരിപ്പിക്കുന്നു. എന്നാലത് തെറ്റായ വിവരമാണെന്നും കുത്തിയ ശേഷം പ്രതി രക്തക്കറ കഴുകിക്കളഞ്ഞതും അവർ ഓർമിപ്പിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഇന്‍കുബേഷന്‍ സൗകര്യം ഇല്ല. ജീവന് രക്ഷിക്കാനുള്ള സംവിധാനങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്നെങ്കില്‍ വന്ദന ജീവനോടെ ഉണ്ടാകുമായിരുനെന്നും ഡോ. നാദിയ പറഞ്ഞു.
നമ്മുടെ സിസ്റ്റം വലിയ പരാജയമാണെന്നതിന്റെ തെളിവാണ് ഡോ.വന്ദനയുടെ മരണം. ആശുപത്രി ബ്ലോക്കിന് വന്ദനയുടെ പേരിട്ടാല്‍ നീതി കിട്ടുമോയെന്നും ഡോ. വന്ദനയുടെ സഹപ്രവര്‍ത്തകര്‍ ചോദിച്ചു. വന്ദനയ്ക്ക് നീതി കിട്ടണം. കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ വരികയും എത്രയും വേഗം ശിക്ഷ വിധിക്കുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു.