കോട്ടയം: കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോക്ടര്‍ വന്ദനദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. മന്ത്രിയുടേത് കഴുത കണ്ണീരാണെന്നും ഗ്ലീസറിൻ തേച്ചാണ് വീണ ജോർജ് വന്ദനയുടെ മൃതദേഹത്തിനരികിൽ കരഞ്ഞതെന്നും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ആരോപിച്ചു.
എസ് പി ഓഫീസ് മാര്‍ച്ചിലായിരുന്നു വിമര്‍ശനം. കേസിനെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന പരസ്യമായി നടത്തിയിട്ട്, വന്ദനയുടെ അച്ഛന്റെയും അമ്മയുടേയും മുന്നില്‍ വന്നു കരഞ്ഞു കാണിച്ചിട്ട് കാര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആരോപിച്ചു.