ഇസ്ലാമാബാദ്: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മോചിതനായ പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാകും. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ഇമ്രാന് ഹൈക്കോടതിയില്‍ ഹാജരാകുന്നത്. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നു വിധിച്ച പാക്കിസ്ഥാൻ സുപ്രീം കോടതി, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ നിർദേശിച്ചിരുന്നു. അറസ്റ്റിനെതിരെ ഇമ്രാൻ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നതിനാൽ അനുയായികളെ നിയന്ത്രിക്കാനും കോടതി ഇമ്രാനോട് ആവശ്യപ്പെട്ടു.
ഇന്നലെ അറസ്റ്റിനെതിരായ ഹർജി പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമർ അത്താ ബന്ദ്യാലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഇമ്രാനെ ഒരു മണിക്കൂറിനകം ഹാജരാക്കാൻ ആവശ്യപ്പെട്ടു. വൈകിട്ട് നാലരയോടെ ഇമ്രാനെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് മുൻ പ്രധാനമന്ത്രിക്ക് ആശ്വാസം പകർന്ന വിധി പ്രഖ്യാപനമുണ്ടായത്.
കോടതിമുറിയിൽ കടന്ന് ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടിയിൽ രോഷം പ്രകടിപ്പിച്ച സുപ്രീം കോടതി, റജിസ്ട്രാറുടെ അനുമതിയില്ലാതെ കോടതിയിൽനിന്ന് ആരെയും അറസ്റ്റ് ചെയ്യാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണു സാമ്പത്തികകുറ്റങ്ങൾ അന്വേഷിക്കുന്ന നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) ഇമ്രാൻ ഖാനെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽനിന്ന് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ നൽകാൻ കോടതിയിൽ ഹാജരായപ്പോഴായിരുന്നു ഇത്. ബുധനാഴ്ച അഴിമതിവിരുദ്ധ കോടതി 8 ദിവസത്തേക്ക് എൻഎബി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.
അതിനിടെ, ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിച്ചെന്നാരോപിച്ച് മുൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി (66) അടക്കം ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫിന്റെ (പിടിഐ) മുതിർന്ന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ നഗരങ്ങളിൽ ഇന്നലെയും പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. മരണം എട്ടായി. 300 പേർക്കു പരുക്കേറ്റു. പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽ പട്ടാളമിറങ്ങി.‘