കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാ ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ ഡിവൈഎസ്പി എം.എം. ജോസിനാണ് അന്വേഷണ ചുമതലയുള്ളത്. ആരോഗ്യ മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
അതേസമയം, പ്രതി സന്ദീപിന്റെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രതി രണ്ടു തവണ പോലീസ് കണ്ട്രോള് റൂമിലേക്കു വിളിച്ച ഫോൺ കോള്‍ സംഭാഷണങ്ങളും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒപിയിലേക്ക് സന്ദീപിനെ പോലീസ് കൊണ്ടുവരുന്ന ദൃശ്യങ്ങളും പോലീസ് മേധാവികള്‍ ഹാജരാക്കിയിരുന്നു.
പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലെ അതീവസുരക്ഷാ സംവിധാനമുള്ള സെല്ലിൽ ഒറ്റയ്ക്കാണ് പാർപ്പിച്ചിരിക്കുന്നത്. കോടതി നിർദേശാനുസരണം കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് കൊട്ടാരക്കരയിൽ നിന്നുള്ള പോലീസ് സംഘം ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചത്. ജയിലിൽ 6323-ാം നന്പർ അന്തേവാസിയാണിയാൾ. 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥരുടെ കാവലും സിസിടിവി കാമറ നിരീക്ഷണ സംവിധാനവുമുള്ള സെല്ലിലാണ് സന്ദീപിനെ പാർപ്പിച്ചിരിക്കുന്നത്. വന്ദനയെ കൊലപ്പെടുത്തിയതിനേക്കുറിച്ച് ഇയാൾ ആരോടും സംസാരിച്ചിട്ടില്ല. എന്നാൽ ജയിൽ ഉദ്യോഗസ്ഥർ കേൾക്കെ കുടുംബകാര്യങ്ങൾ വിളിച്ചു പറയുന്നുണ്ട്.