തിരുവനന്തപുരം: മണിപ്പുരിൽ നിന്നു 20 മലയാളി വിദ്യാർഥികളെക്കൂടി നോർക്ക റൂട്ട്സിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ചു. ഇംഫാലിൽ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവരെ നോർക്ക എൻആർകെ ഡവലപ്മെന്റ് ഓഫീസർ അനു പി. ചാക്കോയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് 13 പേരെ വാനിലും അഞ്ചു പേരെ കാറിലും നാട്ടിലെത്തിച്ചു. രണ്ടു പേർ സ്വന്തം ചെലവിൽ ചെന്നൈയിൽ നിന്നും വിമാനമാർഗവും നാട്ടിലേക്കു മടങ്ങി. ഇംഫാലിൽ നിന്നുളള വിമാനയാത്രാചെലവുൾപ്പെടെ നോർക്ക റൂട്ട്സ് വഹിച്ചു.
ഇതോടെ നോർക്ക റൂട്ട്സ് വഴി ഇതുവരെ 47 പേർ മണിപ്പൂരിൽ നിന്നും നാട്ടിൽ സുരക്ഷിതരായി തിരിച്ചെത്തി. നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിനു പുറമേ ഡൽഹി, ബംഗളൂരു, ചെന്നൈ എൻആർകെ ഡവലപ്മെന്റ് ഓഫീസുകളെയും മണിപ്പുരിൽ നിന്നുള്ള രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
മണിപ്പുരിലെ മലയാളികളുടെ വിവരങ്ങൾ നോർക്ക റൂട്ട്സ് ഗ്ലോബൽ കോണ്ടാക്ട് സെന്ററിൽ അറിയിക്കാം. ഇന്ത്യയിൽ നിന്നും 18004253939, വിദേശത്തുനിന്നും +918802012345 (മിസ്ഡ് കോൾ സർവീസ് ).
















