കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യട്ടിക്കിടെ അധ്യാപകന്റെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.ആയിരങ്ങളാണ് വീട്ടിലെ പൊതുദര്ശനത്തില് വന്ദനയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയത്.വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന് നിവേദാണ് ചിതക്ക് തീ കൊളുത്തിയത് .വന്ദനയുടെ അച്ഛനും അമ്മയും അവസാന ചുംബനം നല്‍കാനെത്തിയ ദൃശ്യങ്ങള്‍ ഒരു നാടിൻറെ മുഴുവനൊമ്പരമായി.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മന്ത്രി വി.എന്‍. വാസവന്, റോഷി അഗസ്റ്റിന്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ഇന്നലെ രാത്രി തന്നെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്, സ്പീക്കർ എ.എൻ. ഷംസീർ, ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവര്‍ വ്യാഴാഴ്ച വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.