ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായുള്ള അധികാരത്തർക്കത്തിൽ ഡൽഹി എഎപി സർക്കാരിന് അനുകൂലമായി സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജനാധിപത്യത്തിൽ ഭരണത്തിന്റെ യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ കൈകളിലാകണമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി സര്‍ക്കാരിന് ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാന്‍ അവകാശമുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.
പോലീസ്, പൊതുക്രമം, ഭൂമി എന്നിവയിലൊഴികെ അധികാരം ഡൽഹി സർക്കാരിനായിരിക്കും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 239 എ (എ) അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനുണ്ടെന്നാണ് സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു. 2019ല്‍ സുപ്രിംകോടതി ഇതുമായി ബന്ധപ്പെട്ട് പാസാക്കിയ ഉത്തരവിനോട് ഇന്ന് സുപ്രിംകോടതി വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
നിയമനിർമാണം നടത്താൻ ഡൽഹി നിയമസഭയ്ക്ക് അധികാരം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ മന്ത്രിമാർക്ക് റിപ്പോർട്ട് നൽകുന്നത് നിർത്തുകയും അവരുടെ നിർദേശങ്ങൾ പാലിക്കാതിരിക്കുകയും ചെയ്താൽ കൂട്ടുത്തരവാദിത്വത്തിന്റെ തത്വത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രം ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡൽഹി സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഐഎഎസ് ഓഫിസർമാരുടെ നിയമനം റദ്ദാക്കി, നിർണായകമായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് ഡൽഹി സർക്കാർ കോടതിക്ക് മുന്നിൽ നിരത്തിയത്.