അക്രമം കണ്ട് ഡോ. വന്ദന ദാസ് ഭയന്നുനിന്നപ്പോൾ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്ന് ഹൈക്കോടതി. വസ്തുത വസ്തുതയായി പറയണമെന്നും ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് സമർപ്പിച്ച വിശദമായ റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു രൂക്ഷമായ ചോദ്യങ്ങൾ.
അതേസമയം, പൊലീസ് മേധാവി ഓൺലൈനായി കോടതിയിൽ ഹാജരായിരുന്നു. ആക്രമണം നടന്നത് എങ്ങനെയെന്ന് ഹൈക്കോടതിയിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ വിശദീകരിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങൾ. ആദ്യം വന്ന ഫോൺ കോൾ മുതൽ ഏറ്റവും ഒടുവിൽ എന്തുസംഭവിച്ചുവെന്ന് അക്കമിട്ട് നിരത്തിയാണ് കോടതിയിൽ പവർപോയിന്റ് പ്രസന്റേഷൻ വഴി എഡിജിപി വിശദീകരിച്ചത്.
സന്ദീപിന്റെ കാലിലെ മുറിവ് വൃത്തിയാക്കാനായി കാൽ താഴ്ത്തിവയ്ക്കാൻ നഴ്സ് ആവശ്യപ്പെട്ടു. എന്നാൽ ഇതിനു സന്ദീപ് തയാറായില്ല. ബന്ധു രാജേന്ദ്രൻ പിള്ള കാൽ ബലമായി താഴ്ത്തിയതാണ് സന്ദീപിനെ പ്രകോപിപ്പിച്ചെന്ന് എഡിജിപി കോടതിയെ അറിയിച്ചു. കോടതിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന്, പൊലീസ് ജീവന് കളഞ്ഞും ഡോക്ടറെ രക്ഷിക്കേണ്ടതായിരുന്നുവെന്ന് എഡിജിപി അജിത് കുമാര്‍ സമ്മതിച്ചു. പ്രതികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ ഒരു പ്രോട്ടോക്കോള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഒരാഴ്ചയ്ക്കകം പ്രോട്ടോക്കോളിന് രൂപം നല്‍കുമെന്ന് എഡിജിപി അറിയിച്ചു. ജസ്റ്റിസുമാരായ ദേവന് രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന് ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.