തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റ് മരണപ്പെട്ട സംഭവത്തിൽ അനുശോചന യോഗം സംഘടിപ്പിച്ച് കിംസ്ഹെൽത്ത്. ആരോഗ്യ മേഖലയെ ആകമാനം ഞെട്ടിപ്പിക്കുന്ന സംഭവമാണുണ്ടായിരിക്കുന്നതെന്നും പ്രതിഷേധാർഹമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും കിംസ്ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ ഡോ. എം.ഐ സഹദുള്ള പറഞ്ഞു.
രോഗികളെ സംശയത്തോടു കൂടി സമീപിക്കാൻ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കഴിയില്ല, ഇത്തരം സംഭവങ്ങൾ സമൂഹത്തിന്റെ സുരക്ഷിതത്വത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. ഹോസ്പിറ്റൽ ആക്ട് കൃത്യമായി നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ക്രമസമാധാന പാലനത്തിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ നടന്ന സംഭവം ഞെട്ടലോടെയാണ് കാണുന്നതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കിംസ്ഹെൽത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. സുരേഷ് ചന്ദ്രൻ സി.ജെ, ഡോ. ശ്യാംലാൽ .എസ് എന്നിവർ സംസാരിച്ചു. കിംസ്ഹെൽത്തിലെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും അനുശോചന യോഗത്തിൽ പങ്കെടുത്തു.