കൊല്ലം: കൊട്ടാരക്കരയിലെ ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച ഡോക്ടര്‍ വന്ദനയുടെ മുതുകിലേറ്റത് ആഴത്തിലുള്ള ആറ് കുത്തുകള്‍ ഏറ്റതായി റിപ്പോർട്ട്. ശരീരത്തിന് മുന്നിലും പിന്നിലുമായി നിരവധി തവണ കുത്തേൽക്കുകയും ചെയ്തു. വയറിലും പിന്ഭാഗത്തുമായേറ്റ ആഴത്തിലുള്ള കുത്തുകളാണ് മരണ കാരണമായത്. അക്രമത്തില്‍ സ്പൈനല്‍ കോഡ് തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പൊലീസുകാരെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി ഡ്രസിങ് റൂമില്‍ നിന്ന ഡോക്ടറെ തള്ളിയിട്ട ശേഷം ഇരുന്ന് കുത്തിയെന്നാണ് ദൃക്സാക്ഷി വെളിപ്പെടുത്തിയത്. എഴുന്നേല്ക്കാന് ശ്രമിച്ച ഡോക്ടറെ മുതുകില്‍ പല പ്രാവശ്യം ആഞ്ഞുകുത്തിയെന്നും ഇദ്ദേഹം പറയുന്നു. ചികില്‍സയ്ക്കായി പൊലീസ് എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപാണ് അക്രമം നടത്തിയത്. ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് കത്രിക കൊണ്ടുള്ള കുത്തേറ്റത്.
യുവ ഡോക്ടറെ കൊലപ്പെടുത്തിയത് അധ്യാപകൻ; പ്രതി ലഹരിക്ക് അടിമ
വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതിയുടെ കുത്തേറ്റ യുവ ഡോക്ടർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതി സ്കൂൾ അധ്യാപകനാണെന്നാണ് റിപ്പോർട്ട്. ഇയാൾ കുറച്ചു കാലങ്ങളായി ലഹരിക്ക് അടിമയാണെന്നും, ലഹരി മരുന്ന് കൈവശം വച്ചതിനു ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടതാണെന്നുമാണ് റിപ്പോർട്ട്. നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ എസ്. സന്ദീപ് (42) വീട്ടിൽ വെച്ച് ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു. പുറകിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ വനിതാ ഡോക്ടർ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെയാണ് യുവാവ് കുത്തി പരിക്കേൽപ്പിച്ചത്.