ന്യൂഡല്‍ഹി: അനുമതിയില്ലാതെ കാമ്പസ് സന്ദർശിക്കരുതെന്ന് കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകാൻ ഡൽഹി യൂണിവേഴ്സിറ്റി. യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നീക്കം. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അദ്ദേഹത്തിന് നോട്ടീസ് നല്‍കുമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ വികാസ് ഗുപ്ത അറിയിച്ചു.
ഇത്തരത്തിലുള്ള അനധികൃത സന്ദർശനം വിദ്യാർത്ഥികളുടെ സുരക്ഷയെ അപകടപ്പെടുത്തുമെന്നും മീറ്റിംഗുകൾക്ക് ഉചിതമായ പ്രോട്ടോക്കോൾ പാലിക്കണമെന്നും കോൺഗ്രസ് നേതാവിനെ അറിയിക്കുന്നതിനാണ് നോട്ടീസ്. ഇതുസംബന്ധിച്ച് ബുധനാഴ്ച രാഹുലിന് നോട്ടീസ് നൽകുമെന്ന് വികാസ് ഗുപ്ത പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ അധികൃതരുടെ മേൽ സമ്മർദമുണ്ടെന്ന് കോൺഗ്രസിന്‍റെ വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐ ആരോപിച്ചു. ആരോപണത്തെ നിഷേധിച്ച് റജിസ്‌ട്രാർ രംഗത്ത് വന്നിട്ടുണ്ട്.
‘‘അത്തരത്തിൽ ഒരു സമ്മർദവുമില്ല. ഇത് അച്ചടക്കത്തിന്‍റെ കാര്യമാണ്. ഇനി ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടിയെടുക്കും’’ – റജിസ്ട്രാർ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുല്‍ഗാന്ധി ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് മെന്‍സ് ഹോസ്റ്റല്‍ സന്ദര്‍ശിച്ചത്. ഇതിനെതിരെ സര്‍വകലാശാല കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സന്ദര്‍ശനം നിരവധി അന്തേവാസികളുടെ ഉച്ചഭക്ഷണം തടസ്സപ്പെടുത്തിയെന്നും ഗുരുതരമായ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയെന്നും സര്‍വകലാശാല അറിയിച്ചു. പെട്ടെന്നുണ്ടായ ഈ സംഭവം നിരവധി അന്തേവാസികള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനെ തടസ്സപ്പെടുത്തി. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍വകലാശാല അധികൃതര്‍ സ്വീകരിക്കുമെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കിയിരുന്നു.
















