റിയാദ്: അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാാസ താരം ലയണല്‍ മെസി സൗദി ക്ലബുമായി കരാറില്‍ എത്തിയതായി റിപ്പോര്‍ട്ട്. മെസിയുമായി കരാറില്‍ ഒപ്പിട്ടതായും അടുത്ത സീസണില്‍ സൗദി ക്ലബില്‍ കളിക്കുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ക്ലബിന്റെ പേരോ അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സൗദി ക്ലബ് അൽ ഹിലാൽ ജനുവരി മുതൽ വമ്പൻ ഓഫറുമായി മെസിയെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ചത്തെ സൗദി സന്ദർശനത്തിനിടെ മെസി കരാറിൽ എത്തിയതെന്നാണ് റിപ്പോർട്ട്. അടുത്തിടെ ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്രചെയ്തതിന് മെസ്സിയെ അദ്ദേഹത്തിന്റെ നിലവിലെ ക്ലബ്ബായ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.
പിന്നാലെയാണ് ട്രാൻസ്ഫർ വിവരം പുറത്തുവരുന്നത്. അൽ ഹിലാൽ 40 കോടി യുഎസ് ഡോളർ വാർഷിക പ്രതിഫലത്തിന്റെ (ഏകദേശം 3270 കോടി രൂപ) ഓഫറാണു മെസ്സിക്കു മുന്നിൽവച്ചത്. അടുത്ത മാസം അവസാനിക്കുന്ന പിഎസ്ജിയുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് മെസിയുടെ ഏജന്റും പിതാവുമായ ഹോർഗെ മെസി പിഎസ്ജിയെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഉറപ്പിക്കാറായിട്ടില്ലെന്ന് ഫുട്ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ പറഞ്ഞു. ”മെസിയുടെ നിലവിലെ സാഹചര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. സീസണിനൊടുവില്‍ മാത്രമെ എന്തെങ്കിലും തീരുമാനം പുറത്തുവിടൂ. അല്‍ഹിലാല്‍ മുന്നോട്ടുവച്ച ഓഫര്‍ ഏപ്രില്‍ മുതല്‍ ചര്‍ച്ചയിലുള്ളതാണ്. ബാഴ്സ മെസി തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്” റൊമാനോ ട്വീറ്റ് ചെയ്തു.