വയനാട്: പുനഃസംഘടനയോട് കുറച്ച് നേതാക്കള്‍ സഹകരിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. പ്രതീക്ഷയ്ക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാന്‍ തനിക്ക് കഴിയുന്നില്ല. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കെപിസിസി പ്രസിഡന്റായി തുടരില്ലെന്നും സുധാകരന് പറഞ്ഞു.
സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ തനിക്ക് സാധിക്കുന്നില്ല. ഇത് മൂലം സംഘടനയുടെ അടിത്തട്ടിലുള്ള ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ കണ്ടെത്തിയ മാര്‍ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ല.
പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ മുഖം തന്നെ മാറിയേനെയെന്നും സുധാകരന് വ്യക്തമാക്കി. പാര്‍ട്ടിയുടെ പോഷകസംഘടനകളില്‍ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും സുധാകരന് വിമര്‍ശിച്ചു.
കെപിസിസിയുടെ രാഷ്ട്രീയകാര്യ നയരൂപീകരണത്തിനുവേണ്ടി വയനാട്ടില്‍ നടക്കുന്ന യോഗത്തില്‍ വച്ചാണ് സുധാകരന്റെ പ്രതികരണം. കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍വച്ചാണ് സുധാകരന്റെ പരാമര്‍ശം. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, താരിഖ് അന്‍വര്‍ എന്നിവര്‍ അടക്കമുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.