കൊച്ചി: താനൂര്‍ ബോട്ടപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ചാണ് കേസെടുത്തത്. കുട്ടികളടക്കം മരിച്ച ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പോര്‍ട്ട് ഓഫീസറോട് കോടതി റിപ്പോര്‍ട്ട് തേടി.
താനൂരിലുണ്ടായ അപകടം ഏറെ വേദനിപ്പിക്കുന്നു. വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. മുമ്പും കേരളത്തില്‍ നിരവധി ബോട്ടപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ഘട്ടത്തില്‍ നിരവധി അന്വേഷണ കമ്മീഷനുകള്‍ ഉണ്ടായിട്ടുണ്ട്. പല പോരായ്മകളും ഉയര്‍ന്നുവരും. പല നിര്‍ദേശങ്ങളും കമ്മീഷന് മുന്നോട്ടുവെക്കുമെങ്കിലും പിന്നീട് ഇതെല്ലാം മറക്കുകയാണ് ചെയ്യുന്നത്.
താനൂരില്‍ 15 കുട്ടികളടക്കം 22 പേരാണ് മരിച്ചത്. ഈ ദുരന്തം ഞെട്ടിക്കുന്നതാണ്. അപകടത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. ഒരു ബോട്ട് ഓപ്പറേറ്റര്‍ മാത്രം വിചാരിച്ചാല്‍ ഉണ്ടാകുന്ന കെടുകാര്യസ്ഥതയല്ല താനൂരിലേത്. ഉദ്യോഗസ്ഥ തലത്തില്‍ അടക്കം വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം കണ്ടെത്തേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
രാവിലെ 10.15ന് സിറ്റിങ് ആരംഭിച്ചപ്പോൾത്തന്നെ അപകടവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കോടതി ആരാഞ്ഞിരുന്നു. ഈ പ്രദേശത്തിന്റെ ചുമതലയുള്ള പോർട്ട് ഓഫിസർ ആരാണെന്നായിരുന്നു ആദ്യ ചോദ്യം. അപകടം നടന്ന മേഖലയുടെ ചുമതലയുള്ള പോർട്ട് ഓഫിസർ ആരാണെന്നത് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഉടൻ അറിയിക്കാനും കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.