സുൽത്താൻ ബത്തേരി: കെപിസിസി ദ്വിദിന നേതൃ ക്യാമ്പ് വയനാട് സുൽത്താൻ ബത്തേരിയിൽ ഇന്ന് മുതൽ നടക്കും. ഒരുവര്‍ഷം നീളുന്ന പാര്‍ട്ടിയുടെ കർമപരിപാടികളും രാഷ്ട്രീയ നീക്കങ്ങളും ക്യാമ്പിൽ ആവിഷ്കരിക്കുമെന്ന്കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അറിയിച്ചു. സംഘടനാ കാര്യങ്ങൾക്കൊപ്പം സമകാലിക രാഷ്ട്രീയ വിഷയങ്ങളും ദ്വിദിന നേതൃ ക്യാമ്പിൽ ചർച്ചയാകും.
കേരളത്തിലെ എൽഡിഎഫ് സര്‍ക്കാറിനെതിരെ ജനരോഷം ആളിക്കത്തുന്ന സാഹചര്യമാണുള്ളത്. എ.ഐ കാമറ, കെ-ഫോണ്‍ തുടങ്ങിയ വലിയ അഴിമതിക്കള്‍ക്കെതിരെയും നികുതിരാജിനെതിരെയും ശക്തമായ പ്രക്ഷോഭ, പ്രചാരണ പരിപാടികള്‍ക്ക് ക്യാമ്പിൽ രൂപം നല്‍കുമെന്നും കെ. സുധാകരന് വ്യക്തമാക്കി. സാമൂഹിക സംഘടനകളെ സ്വാധീനിക്കാനും ദുരുപയോഗിക്കാനും സംഘ്പരിവാര്‍ നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരം ജനങ്ങളിലേക്ക് എത്തിക്കാനും അവയെ പ്രതിരോധിക്കാനും ആവശ്യമായ നടപടികള്‍ ചര്‍ച്ചചെയ്ത് രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ആദ്യദിനം രാഷ്ട്രീയ നിലപാടുകള്‍ക്ക് രൂപം നല്‍കുന്നതിനാകും പ്രാധാന്യം നൽകുക. രണ്ടാംദിനം 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും തയാറെടുപ്പുകളും നടത്തുന്നതിനായി നീക്കി വെക്കും. പോഷകസംഘടനകള്‍, സെല്ലുകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവക്ക് വ്യക്തമായ പ്രവര്‍ത്തന പദ്ധതിക്ക് രൂപംനല്‍കുന്നതിനും ക്യാമ്പ് വേദിയാകും. ഒരു വർഷത്തേക്കുള്ള പ്രവര്‍ത്തന കലണ്ടർ ക്യാമ്പിൽ തയ്യാറാക്കും.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എം.പി, കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രചാരണ സമിതി ചെയര്മാന് കെ. മുരളീധരന് എം.പി എന്നിവർ ദ്വിദിന നേതൃ ക്യാമ്പിന് നേതൃത്വം നൽകും. കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവരും ദ്വിദിന നേതൃ ക്യാമ്പിൽ പങ്കെടുക്കും.
















