മലയാള സിനിമയിൽ ലഹരി പേയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം നടൻ ടിനിടോം നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ടിനി ടോമിന്റെ പ്രസ്താവന തള്ളിയ ധ്യാൻ, ലഹരി ആരും കുത്തിക്കയറ്റിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ലെന്നും പറഞ്ഞു.
‘ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കും. ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ലല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധവും വിവരവുമുള്ള ഒരുത്തനാണെങ്കിൽ അവനത് ഉപയോഗിക്കില്ല, അത്രേ ഉള്ളൂ’, ധ്യാൻ പറഞ്ഞു.
സിനിമ സെറ്റിലെ പൊലീസിന്റെ ലഹരി പരിശോധനയെ ധ്യാൻ സ്വാഗതം ചെയ്തു. കാരവനില്‍ ഇരുന്ന് ലഹരി ഉപയോഗിക്കുന്ന ആളുകളെ തനിക്ക് അറിയാമെന്നും നടൻ പറയുന്നു.
പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നായിരുന്നു ടിനി ടോം കഴിഞ്ഞ ദിവസം പറഞ്ഞത്. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ മകനെ അഭിനയിക്കാന്‍ വിടാത്തതെന്നും ടിനി പറഞ്ഞിരുന്നു.