മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപാ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയിൽ ദുഖിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ദുരന്തത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർ എഫിൽ നിന്ന് 2 ലക്ഷം രൂപ സഹായധനമായി നൽകുമെന്നും പ്രധാനമന്ത്രി കുറിച്ചു.
അതേസമയം, അപകടത്തിൽ മരണസംഖ്യ ഉയരുകയാണ്. അവസാനമായി പുറത്തുവരുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ 21 മരണം സ്ഥിരീകരിച്ചു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കണ്ടൽക്കാടും ചതുപ്പും ഉള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടുതട്ടുള്ള ബോട്ടാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. ആറ് മണിക്ക് ഇവിടുത്തെ ബോട്ട് സർവീസ് അവസാനിപ്പിക്കേണ്ടിയിരുന്നതാണ്. എന്നാൽ അതിന് ശേഷമാണ് അപകടം നടന്നിരിക്കുന്നത്.