മലപ്പുറം: താനൂർ തൂവൽ തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ എത്തുന്നു. 25 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവരില്‍ 10 പേരെ രക്ഷപ്പെടുത്തി.
അവധി ദിവസമായതിനാൽ ബീച്ചിൽ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്.
വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ
സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
















