കോഴിക്കോട്: നീറ്റ് പരീക്ഷ വൈകിയതിനെ തുടര്‍ന്ന് സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍. കോഴിക്കോട് ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്കൂളിൽ പരീക്ഷ തുടങ്ങിയത് രണ്ടു മണിക്കൂർ വൈകിയാണ്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കഴിയേണ്ട പരീക്ഷ രാത്രി ഏഴരയോടെയാണ് തീർന്നത്. ചോദ്യപേപ്പറിന്റെ കുറവ് മൂലമാണ് പരീക്ഷ തുടങ്ങാൻ വൈകിയതെന്നാണ് വിശദീകരണം. 480 കുട്ടികളാണ് ഈ കേന്ദ്രത്തിൽ പരീക്ഷ എഴുതേണ്ടിയിരുന്നത്. ആവശ്യത്തിന് ചോദ്യപേപ്പർ എത്തിയില്ല എന്നായിരുന്നു അധികൃതരുടെ വിശദീകരണം. പരീക്ഷ ക്രമീകരിച്ചത് 3 ഹാളുകളിലായിട്ടാണ്. രണ്ട് ഹാളുകളിലെ വിദ്യാർത്ഥികൾ പരീക്ഷ പൂർത്തിയാക്കി ഇറങ്ങി. 5.20നായിരുന്നു പരീക്ഷ തീരേണ്ടത്.
കോട്ടയത്ത് നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പർ നൽകാൻ വൈകിയതായി പരാതി ഉയർന്നു. ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ ബയോമെട്രിക് റജിസ്ട്രേഷൻ വൈകിയതോടെയാണ് കുട്ടികൾക്ക് കൂൾ ഓഫ് ടൈം നഷ്ടമായത്. നാനൂറിലധികം കുട്ടികൾ പരീക്ഷ എഴുതുന്ന സെന്ററിൽ ബയോമെട്രിക് റജിസ്ട്രേഷൻ നടത്താതെ കൂട്ടത്തോടെ ഹാളിൽ കയറ്റിയതായും മാതാപിതാക്കൾ പരാതിപ്പെട്ടു.
















