തിരുവനന്തപുരം : തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ യഥാർത്ഥ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ തമ്പാനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ്. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ജനിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ കരമന സ്വദേശിയായ സ്ത്രീക്കാണ് വിറ്റത്.
ഏപ്രിൽ ഏഴിനാണ് തൈക്കാട് സർക്കാർ ആശുപത്രിയില്‍ ജനിച്ച കുട്ടിയെ കരമന സ്വദേശികളായ ദമ്പതികള്‍ക്ക് യുവതി മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റത്. ഏപ്രിൽ 21-ന് സംഭവം പുറത്തുവന്നയുടൻ കുട്ടിയുടെ മാതാവ് ഒളിവിൽ പോയിരുന്നു. സംഭവമറിഞ്ഞയുടൻ കുട്ടിയെ ദമ്പതികളുടെ പക്കൽ നിന്ന് പോലീസ് കുട്ടിയെ ഏറ്റെടുത്തിരുന്നു. കുട്ടി നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.
തീരുമാനിച്ചുറപ്പിച്ചത് അനുസരിച്ചാണ് കുട്ടിയെ കൈമാറിയതെന്ന് പോലീസ് അറിയിച്ചിരുന്നു. കുട്ടിയെ വില്ക്കാന് കരമന സ്വദേശിയായ സ്ത്രീയുമായി അഞ്ജു ധാരണയിലെത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.
ഗർഭകാലത്തിന്റെ ഏഴാം മാസത്തിലാണ് യുവതി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ആ സമയത്ത് ആശുപത്രിയില്‍ നല്‍കിയത് കുട്ടിയെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമായിരുന്നു.
കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതാണ് സംഭവത്തിൽ നിർണായകമായത്. കുഞ്ഞില്ലാത്ത വീട്ടിൽ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയൽവാസികൾ വിവരം സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വിൽപ്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. പൊലീസ് ചോദ്യംചെയ്യലിൽ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു. ഇതോടെ കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റുകയും യഥാർത്ഥ അമ്മയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. രണ്ടാഴ്ചയോളം നീണ്ച അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്.
















