യു എസില്‍ ടെക്സാസിലെ മാളിലുണ്ടായ വെടിവെപ്പില്‍ 8 പേര് കൊല്ലപ്പെട്ടു. പരുക്കേറ്റ 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഡള്ളാസിന് വടക്കു ഭാഗത്തായി അല്ലെനിലെ തിരക്കേറിയ മാളില്‍ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.അക്രമിയെ ഒരു പോലീസ് ഉദ്യോഗസ്ഥന് വധിച്ചതായി അല്ലെന് നഗരത്തിലെ പോലീസ് മേധാവി അറിയിച്ചു. കൂടുതല്‍ അക്രമികളുണ്ടോയെന്ന് അറിയാന്‍ തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തിന് പിന്നിലെ പ്രകോപനം വ്യക്തമല്ല.
റോഡിലൂടെ നടന്നുപോകുകയായിരുന്ന അക്രമി ഒരു പ്രകോപനവുമില്ലാതെ ആളുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മാളിന് പുറത്തു നിന്നിരുന്നവരാണ് ആക്രമണത്തിന് ഇരയാക്കിയത്.
അക്രമി ഒറ്റയ്ക്കായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മാൾ ഇപ്പോൾ പൊലീസ് നിയന്ത്രണത്തിലാണ്. അഞ്ചിനും 61നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിക്കേറ്റത്. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ആക്രമണത്തിന്റെ കാരണവും പരിക്കേറ്റവരുടെ വിവരങ്ങളും പുറത്തുവന്നിട്ടില്ല.