ന്യൂഡൽഹി : ഐ.പി.എല്ലിൽ ചരിത്രനേട്ടവുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരം വിരാട് കൊഹ്ലി, ഐ.പി.എല്ലിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി മാറിയിരിക്കുകയാണ് കൊഹ്ലി. 234 മത്സരങ്ങളിൽ നിന്നാണ് കൊഹ്ലി ഐ,പി,എല്ലിൽ 7000 റൺസ് പിന്നിട്ടത്. ഐ.പി.എല്ലിൽ അഞ്ച് സെഞ്ച്വറിയും 49 അർദ്ധ സെഞ്ച്വറിയും കൊഹ്ലിയുടെ പേരിലുണ്ട്.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സീസണിലെ ആറാം അർദ്ധ സെഞ്ച്വറിയുമായാണ് കൊഹ്ലി ചരിത്രനേട്ടം സ്വന്തമാക്കിയത്. 46 പന്തിൽ 55 റൺസെടുത്ത കൊഹ്ലിയാണ് ഡൽഹിക്കെതിരെ ബാംഗ്ലൂരിന്റെ ടോപ്സ്കോറർ. മത്സരത്തിനിറങ്ങുമ്പോൾ 12 റൺസ് കൂടി മതിയായിരുന്നു കൊഹ്ലിക്ക് റെക്കോഡ് നേട്ടത്തിലെത്താൻ.
2021ൽ ഐ.പി.എല്ലിൽ 6000 റൺസ് തികയ്ക്കുന്ന ആദ്യ താരമായിരുന്നു. 2019ൽ സുരേഷ് റെയ്നയ്ക്ക് ശേഷം 5000 റൺസ് തികച്ച രണ്ടാമത്തെ ബാറ്ററുമായിരുന്നു. റൺവേട്ടയിൽ കൊഹ്ലിക്ക് പിന്നിൽ രണ്ടാംസ്ഥാനത്ത് പഞ്ചാബ് കിംഗ്സ് നായകൻ ശിഖർ ധവാനാണ്. 213 മത്സരങ്ങളിൽ നിന്ന് 6536 റൺസാണ് ധവാന്റെ പേരിലുള്ളത്. 6189 ഖൺസുമായി ഡൽഹി ക്യാപിറ്രൽസ് നായകൻ ഡേവിഡ് വാർണറാണ് മൂന്നാംസ്ഥാനത്ത്. 6063 റൺസ് നേടിയ മുംബയ് ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ നാലാമതാണ്.