മലപ്പുറം : സംഘ്പരിവാർ ആധിപത്യത്തിൽ ഇന്ത്യയിൽ എന്താണ് സംഭവിക്കുക എന്നതിൻ്റെ നേർ ചിത്രമാണ് മണിപ്പൂരിൽ ഇപ്പോൾ കാണുന്നതെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിമ്പലം പറഞ്ഞു. തിരൂർ കൂട്ടായിയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത ജനവിഭാഗങ്ങൾ സമാധാനമായി കഴിഞ്ഞിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഉണ്ടാക്കിയ സ്വാധീനം വൻ ദുരന്തമാണ് സൃഷ്ടിച്ചത്. തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് BJP വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വലിയ ധ്രൂവീകരണമാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം ഭീകരമാണ്.
കഴിഞ്ഞ വർഷം ത്രിപുരയിൽ മുസ്ലിങ്ങൾക്ക് നേരേയും ആസൂത്രിത ആക്രമണമുണ്ടായി. മതന്യൂനപക്ഷങ്ങളെയും ദലിത്-ആദിവാസി-ഗോത്ര വിഭാഗങ്ങളെയും ഉൻമൂലനം ചെയ്യുക എന്ന സംഘ്പരിവാർ പദ്ധതിയുടെ ഭാഗമാണിതെല്ലാം.
2002 ലെ ഗുജറാത്ത് , 2008 ലെ കന്ധമാൽ വംശഹത്യകളെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന ആക്രമണം.
മതേതര പാർട്ടികൾ ഐക്യപ്പെടുക എന്നത് മാത്രമാണ് ഫാസിസ്റ്റുകളിൽ നിന്ന് രാജ്യത്തിനെ വീണ്ടെടുക്കാനുള്ള അടിയന്തിര മാർഗം. കേവല കക്ഷി രാഷട്രീയ ഐക്യമെന്നതിലുപരി ഫാസത്തിന്റെ ഇരകളായ മത ന്യൂനപക്ഷങ്ങളെയും ദലിത്-ഗോത്ര വിഭാഗങ്ങളെയും അവരുടെ സാമൂഹ്യ പ്രതിനിധാനങ്ങളെയും സിവിൽ സമൂഹത്തെയും കൂട്ടിച്ചേർത്തുള്ള വിശാല രാഷ്ട്രീയ നിരയാണ് കെട്ടിപ്പടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്. ഇർഷാദ്, ജബീന ഇർഷാദ്, സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, വൈസ് പ്രസിഡണ്ടുമാരായ പി.എ.അബ്ദുൽ ഹഖിം, കെ.എ ഷഫീഖ്, സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, പ്രേമ പിഷാരടി, അൻസാർ അബൂബക്കർ, ടി.എ ഫായിസ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ് എന്നിവർ നേതൃ സംഗമത്തെ അഭിസംബോധന ചെയ്തു. ഇന്ന് വൈകിട്ടോടെ നേതൃസംഗമം അവസാനിക്കും.