കുമളി : അരിക്കൊമ്പൻ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്.അരിക്കൊമ്പൻ എത്തിയതോടെ മേഘമലയിലേക്ക് വിനോദസഞ്ചാരികളെ തമിഴ്നാട് വിലക്കി. മേഘമലയിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ തമിഴ്നാട് വനംവകുപ്പ് മടക്കിയയച്ചു. നിരോധനാജ്ഞ പുറപ്പെടുവിച്ചു എന്ന പ്രചാരണം തമിഴ്നാട് വനംവകുപ്പ് നിഷേധിച്ചു. സഞ്ചാരികൾക്കും യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അരിക്കൊമ്പൻ കാടിനു പുറത്തിറങ്ങി ജനവാസമേഖലയിൽ പ്രത്യക്ഷപ്പെട്ടത്. ചിന്നമന്നൂർ റേഞ്ച് ഓഫിസർ ടി.ശിവാജിയും വനപാലകരും യാത്ര ചെയ്തിരുന്ന വാഹനം അരിക്കൊമ്പന്റെ മുന്നിൽപെട്ടു. വാഹനം പിന്നിലേക്ക് ഓടിച്ചു മാറ്റിയാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. റേഡിയോ കോളർ കണ്ടതോടെയാണ് അരിക്കൊമ്പനാണെന്നു തിരിച്ചറിഞ്ഞത്. വനപാലകർ ആനയെ കാട്ടിലേക്ക് ഓടിച്ചു.
അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വിവരങ്ങൾ കേരളം വിവരം കൈമാറുന്നില്ലെന്ന് തമിഴ്നാട് വനപാലകർ പറയുന്നു. ഇതുമൂലം ആനയുടെ നീക്കം നിരീക്ഷിക്കാൻ ബുദ്ധിമുട്ടുന്നതായി ചിന്നമന്നൂർ റേഞ്ച് ഓഫിസർ ശിവാജി പറഞ്ഞു. ഹൈവേയ്സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ പകൽ കാട്ടാന നിലയുറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആനയെത്തിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണ സംഘം രംഗത്തുണ്ട്. അരിക്കൊമ്പനെക്കുറിച്ചാണ് തമിഴ്നാട്ടിൽ ഇപ്പോൾ ജനസംസാരം. 10 ആളുകളെ കൊലപ്പെടുത്തിയ ആനയാണ് എന്നാണ് ഇവിടത്തുകാർ പറയുന്നത്.