മലയാളം സിനിമയിൽ ലഹരിയുടെ സാന്നിധ്യമുണ്ടെന്നും അതുകൊണ്ടാണ് മകനെ അഭിനയത്തിലേക്ക് കൊണ്ടുവരാത്തതെന്നും നടൻ ടിനി ടോം. ആലപ്പുഴയിൽ കേരള സർവകലാശാല കലോത്സവ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു താരം.
സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസിലാണ് കുട്ടികൾ വഴിതെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളൂ.- ടിനി ടോം പറഞ്ഞു.
തുടർച്ചയായ ലഹരി ഉപയോഗം ഒരു നടന്റെ പല്ല് പൊടിയുന്നതിലേക്ക് നയിച്ചെന്നും ടിനി ടോം പറഞ്ഞു. ലഹരി ഉപയോഗിക്കുമ്പോൾ താൻ നല്ലവണ്ണം അഭിനയിക്കുന്നുണ്ടെന്ന് മറ്റുള്ളവർ പറയുന്നതായി ആ നടൻ തന്നോട് പറഞ്ഞെന്നും ടിനി ടോം കൂട്ടിച്ചേർത്തു. നടന്റെ പേര് ടിനി ടോം വ്യക്തമാക്കിയില്ല. താനും ഒരു കാലത്ത് ലഹരി ഉപയോഗിച്ചിരുന്നതായി ടിനി ടോം പറഞ്ഞു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിന്റെ പേരിൽ ചർച്ചകൾ നടക്കുമ്പോഴാണ് ടിനി ടോമിന്റെ ഈ വെളിപ്പെടുത്തൽ എന്നതാണ് ശ്രദ്ധേയമാകുന്നത്.