ലണ്ടണ്‍: ബ്രിട്ടണില ചാള്‍സ് മൂന്നാമന് രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ അവസാനഘട്ടത്തില്‍. കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയാണ് ചാള്‍സ് മൂന്നാമനെ കിരീടം അണിയിച്ചത്. ശേഷം പുരോഹിതന്മാര് ചേര്‍ന്ന് രാജാവിനെ സിംഹാസനത്തില്‍ അവരോധിക്കുകയും ചെയ്തു.
ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ചടങ്ങിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. കിങ് ജോര്‍ജ് നാലാമന്റെ മരണശേഷം 1953-ല്‍ ക്യൂന്‍ എലിസബത്ത് ഭരണത്തിലേറിയതിന് ശേഷം ആദ്യമായി നടക്കുന്ന കിരീടധാരണം വെസ്റ്റ്മിനിസ്റ്റര്‍ ആബിയിൽ വച്ചാണ് നടക്കുന്നത്.
രണ്ട് മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ചടങ്ങില്‍ ചാള്‍സിന്റെ 75-കാരിയായ ഭാര്യ കണ്‍സോര്‍ട്ട് കാമിലയെ രാജ്ഞിയായും വാഴിക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ എത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്നാണ് ചാള്‍സിനെ രാജാവായി ബെക്കിങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചത്. എലിസബത്ത് രാജ്ഞിയുടെ മൂത്ത മകനാണ് ചാള്‍സ്. രാജ്ഞിയുടെ മരണത്തെ തുടര്‍ന്നുള്ള ഔദ്യോഗിക ദുഖാചരണം അവസാനിച്ചതിന് പിന്നാലെയാണ് കിരീടധാരണ തീയതിയും മറ്റും കൊട്ടാരം പ്രഖ്യാപിച്ചിരുന്നത്.