തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെല്‍ട്രോണിനാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. ഉപകരാറുകള്‍ സംബന്ധിച്ച് ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. ഇത് മുഖ്യമന്ത്രിയുടെ വകുപ്പല്ലെന്നും അദ്ദേഹം മറുപടി പറയേണ്ട കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.
എഐ ക്യാമറ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്ന് മന്ത്രി അറിയിച്ചു. 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയേക്കൂടി ഇരുചക്രവാഹനത്തില്‍ മൂന്നാമനായി കൊണ്ടുപോകാന്‍ സാധിക്കുന്ന തരത്തില്‍ നിയമം ഭേഗഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. കേന്ദ്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതുവരെ പിഴ ഒഴിവാക്കാന്‍ സാധിക്കുമോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരുചക്രവാഹനത്തില്‍ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന നിയമം മാറ്റാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും മന്ത്രി കൂട്ടിചേർത്തു.