അങ്കമാലി: അതിരപ്പിള്ളി തുമ്പൂര്‍മൂഴിയില്‍ കൊല്ലപ്പെട്ട ആതിരയുടെ ശരീരത്തില്‍ നിന്നും പ്രതി അഖില്‍ മാല മോഷ്ടിച്ചുവെന്ന് പോലീസ്. അങ്കമാലി പാറക്കടവ് സ്വദേശിനിയായ ആതിരയുടെ മൃതദേഹത്തിൽ നിന്നുമാണ് ഒന്നര പവന്റെ മാല ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിയായ അഖില്‍ പി. ബാലചന്ദ്രന് മോഷ്ടിച്ചത്. ഈ മാല അങ്കമാലിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തില്‍ പണയം വച്ചുവെന്ന് അഖില്‍ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
തെളിവെടുപ്പിനായി അഖിലിനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് ഇരുവരും. ആതിരയുടെ കൈയ്യില്‍ നിന്നും അഖില്‍ പല പ്രാവശ്യമായി പത്ത് പവനോളം ആഭരണങ്ങള്‍ വാങ്ങിച്ചിട്ടുണ്ട്. മറ്റേതെങ്കിലും സ്ത്രീകളില്‍ നിന്നും അഖില്‍ ഇത്തരത്തില്‍ സ്വര്‍ണ്ണമോ പണമോ വാങ്ങിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.
എറണാകുളം കാലടി കാഞ്ഞൂരില്‍ നിന്നും ഒരാഴ്ച്ച മുമ്പ് കാണാതായ ആതിരയെ വെള്ളിയാഴ്ച്ചയാണ് അതിരപ്പിള്ളി വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആതിര അഖിലിനൊപ്പം കാറില്‍ കയറി പോകുന്നതായി കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് സൂചന ലഭിച്ചത്.വെറ്റിലപ്പാറ ഭാഗത്ത് വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് അഖില്‍ പറഞ്ഞു. ജഡം പാറക്കെട്ടിനിടയിലേക്ക് തള്ളി. മൊഴി പ്രകാരം സ്ഥലം പരിശോധിച്ച പൊലീസ് ജഡം കണ്ടെത്തുകയായിരുന്നു. ആതിരപ്പിള്ളിയിലേക്ക് വിനോദയാത്ര പോകാമെന്നു പറഞ്ഞാണ് അഖില്‍ ആതിരയെ ഒപ്പം കൂട്ടിയത്. തമ്പൂര്മുഴിയിലെത്തിയ ശേഷം വിജനമായ ഒരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവിടെ വെച്ചാണ് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപാതകം നടത്തിയത്. ബൂട്ട് വെച്ച് കഴുത്തില്‍ ചവിട്ടിയാണ് മരണം ഉറപ്പാക്കിയത്.