തിരുവനന്തപുരം: കഴക്കൂട്ടം മുൻ എംഎൽഎ പ്രഫ.നബീസ ഉമ്മാൾ അന്തരിച്ചു. 92-വയസായിരുന്നു. നെടുമങ്ങാട് പത്താംകല്ലിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീം പെൺകുട്ടിയായിരുന്നു നബീസ ഉമ്മാൾ. കേരള സർവകലാശാലയിലും കേരളത്തിലെ നിരവധി സർക്കാർ കോളജുകളിൽ അധ്യാപികയായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന അക്കാദമിക് വിദഗ്ദയുമായിരുന്നു നബീസ ഉമ്മാൾ. നെടുമങ്ങാട് മുൻസിപ്പാലിറ്റി അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1987ൽ ഇടത് സ്വതന്ത്രയായി കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991ൽ കഴക്കൂട്ടത്ത് നിന്നും എം.വി. രാഘവനോട് നിസാരവോട്ടിന് പരാജയപ്പെട്ടു.
ഭർത്താവ്: പരേതനായ എം. ഹുസൈൻകുഞ്ഞ്. മക്കൾ: റഹിം (റിട്ട.അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ), ലൈല (റിട്ട.ബിഎസ്എൻഎൽ), സലിം (കേബിൾ ടിവി), താര(അധ്യാപിക, കോട്ടൻഹിൽ ഹയൾസെക്കൻഡറി സ്കൂൾ), പരേതരായ റസിയ, ഹാഷിം.