ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ( 74 ) കിരീടധാരണം ഇന്ന്. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണച്ചടങ്ങിനായി ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള ഘോഷയാത്ര ലണ്ടൻ സമയം ഇന്നു രാവിലെ 10.20നു തുടങ്ങും. കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബിയുടെ മുഖ്യകാർമികത്വത്തിൽ വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണച്ചടങ്ങ് ശുശ്രൂഷകൾ ഉച്ചയ്ക്ക് 11നു തുടങ്ങും (ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.30). 12നാണ് കിരീടധാരണം (ഇന്ത്യൻ സമയം വൈകിട്ട് 4.30). ഓപ്പറേഷൻ ഗോൾഡൻ ഓർബ് എന്നാണ് കിരീടധാരണ ചടങ്ങിന് പേരിട്ടിരിക്കുന്നത്.
1,000 വർഷത്തിലേറെയായി നിലവിലുള്ള ചടങ്ങുകളാണ് അതേപടി തുടരുന്നത്. ചടങ്ങുമായി ബന്ധപ്പെട്ടുള്ള കാര്യപരിപാടികൾ കാന്റർബെറി ആർച്ച് ബിഷപ്പ് പ്രസിദ്ധീകരിച്ചിരുന്നു. തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്ന ആദ്യത്തെ കോറോണേഷനാകും ഇത്തവണത്തേത്. നാവിക യൂണിഫോം ധരിച്ചാകും ചാൾസ് എത്തുക. 444 വിലയേറിയ രത്നങ്ങൾ പതിപ്പിച്ച, സ്വർണത്തിൽ തീർത്ത സെന്റ് എഡ്വേർഡ്സ് ക്രൗൺ ആണ് ചടങ്ങിന്റെ പ്രധാന ആകർഷണം.
രാജകുടുംബത്തിലെ അംഗങ്ങളും ലോക രാഷ്ട്രങ്ങളിലെ പ്രധാന നേതാക്കളും ഉൾപ്പെടെ 2800 അംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പോളിഷ് പ്രസിഡന്റ് ആൻഡ്രെ ഡ്യൂഡ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, സ്പെയിനിലെ ഫിലിപ് രാജാവ്, ജപ്പാനിലെ കിരീടാവകാശി അകിഷിൻസോ, വിവിധ സെലിബ്രിറ്റികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കഴിഞ്ഞ സെപ്തംബറിൽ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് മൂത്തമകനായ ചാൾസ് രാജസിംഹാസനത്തിന്റെ ഉടമയായത്.രാജ്ഞിയുടെ മരണത്തിന് പിന്നാലെ കിരീടാവകാശിയായ ചാൾസ് സ്വാഭാവികമായി രാജാവായി മാറിയിരുന്നു. സെപ്തംബർ 10ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ വച്ച് ചാൾസ് മൂന്നാമൻ ഔദ്യോഗികമായി അധികാരമേറ്റിരുന്നു. രാജ്ഞിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലും ഒരുക്കങ്ങൾക്ക് കൂടുതൽ സമയം വേണമെന്നതിനാലുമാണ് കിരീടധാരണ ചടങ്ങ് മേയിൽ നടത്താൻ നിശ്ചയിച്ചത്.