ഇടുക്കി: അരിക്കൊമ്പൻ വീണ്ടും തമിഴ്നാട്ടിലെ ജനവാസ മേഖലയിലിറങ്ങി. വെള്ളിയാഴ്ച തമിഴ്നാട് അതിർത്തിയായ ഹൈവേഡ് ഡാമിന് സമീപമാണ് ആനയിറങ്ങിയത്. ഡാമിനു സമീപമുണ്ടായിരുന്ന കൃഷി നശിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് തൊഴിലാളികളും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. തമിഴ്നാട് വന മേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. അതേസമയം, മഴ മേഘങ്ങൾ കാരണം ഇപ്പോള്‍ അരിക്കൊമ്പന്റെ സിഗ്നൽ ലഭിക്കുന്നില്ല.
അരിക്കൊമ്പനെ പേടിച്ചു കഴിയുകയാണു തമിഴ്നാട് അതിർത്തിയിലെ ജനങ്ങളും വനം വകുപ്പും. തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള സ്ഥലമാണു മേഘമല. ഈ പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനംവകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നൽകി. തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററിലേറെ സഞ്ചരിച്ചെന്നാണു കണക്ക്.