കൊച്ചി : മതേതരസ്വഭാവമുള്ള കേരള സമൂഹം ‘ദി കേരള സ്റ്റോറി’ സ്വീകരിച്ചോളുമെന്ന് ഹൈക്കോടതി. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. സാങ്കൽപിക ചിത്രമാണത്. ചരിത്രസിനിമയല്ലെന്ന് കോടതി പറഞ്ഞു. നവംബറിലാണ് ടീസർ ഇറങ്ങിയത്. ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലെ എന്നും കോടതി പറഞ്ഞു. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഹൈക്കോടതി പരിശോധിക്കുന്നു.
‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടയണമെന്ന ഹർജികൾ ജസ്റ്റിസ് എൻ.നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. ഇന്നലെ സ്പെഷൽ സിറ്റിങ് നടത്തണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നില്ല. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രത്തിന്റെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശികളായ അഡ്വ. വി.ആർ.അനൂപ്, തമന്ന സുൽത്താന, നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സിജിൻ സ്റ്റാൻലി എന്നിവരാണു കഴിഞ്ഞ ദിവസം ഹർജികൾ നൽകിയത്. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ.വി.മുഹമ്മദ് റസാക്ക്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.ശ്യാം സുന്ദർ എന്നിവരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സിനിമയുടെ പ്രദർശനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി വീണ്ടും മടക്കിയിരുന്നു. ആവശ്യം ഹൈക്കോടതിയിൽ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വീണ്ടും നിർദേശിച്ചു. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര പത്രപ്രവർത്തകനായ ബി.ആർ.അരവിന്ദാക്ഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളി. വിഷയം സുപ്രീം കോടതിയും കേരള ഹൈക്കോടതിയും പരിഗണിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.
‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരെ മതവിദ്വേഷത്തിനു കേസെടുക്കണം എന്നാവശ്യപ്പെട്ടു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട. കേരളത്തിനെതിരെ വ്യാജ പ്രചാരണം നടത്താനുള്ള ശ്രമമാണു ചിത്രത്തിലൂടെ നടത്തുന്നതെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ മുഖ്യമന്ത്രിക്കു പരാതി നൽകി.
ചിത്രം തടയണമെന്ന ഹർജികൾ തള്ളണമെന്നാണ് സെൻസർബോർഡ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. 32,000 സ്ത്രീകളെ മതംമാറ്റി ഐഎസിൽ ചേർത്തെന്ന അവകാശവാദം സിനിമയിലില്ല. സിനിമയിൽ ഇക്കാര്യം ഇല്ലാത്തതുകൊണ്ട് ടീസറിൽ പ്രസക്തിയില്ല. ഒരുമതത്തെയും നിന്ദിക്കുന്ന വാക്കുകളോ ദൃശ്യങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയെന്നും സെൻസർ ബോർഡ് കോടതിയിൽ വ്യക്തമാക്കി.