ഭോപ്പാല്‍:ഭൂമി തര്‍ക്കത്തെ തുടർന്ന് മധ്യപ്രദേശില്‍ മൂന്ന് സ്ത്രീകള്‍ അടക്കം ഒരു കുടുംബത്തിലെ ആറുപേരെ വെടിവെച്ചു കൊന്നു.പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊറേന ലെപ ഗ്രാമത്തില്‍ ഇന്ന് രാവിലെ 10 മണിക്കാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ശത്രുതയാണ് ആക്രമണത്തില്‍ കലാശിച്ചത്. 2013ല്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് ധീര്‍ സിങ് തോമറിന്റെയും ഗജേന്ദ്ര സിങ് തോമറിന്റെയും കുടുംബങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് സംഘര്‍ഷത്തില്‍ ധീര്‍ സിങ് തോമറിന്റെ കുടുംബത്തിലെ രണ്ടുപേരാണ് മരിച്ചത്. ഇതിന് പിന്നാലെ ഗജേന്ദ്ര സിങ് തോമറിന്റെ കുടുംബം ഗ്രാമത്തില്‍ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
VIDEO | Clash and firing between two groups over an old land dispute in Lepa village of Morena district in Madhya Pradesh. pic.twitter.com/5CW4aUHgnS
— Press Trust of India (@PTI_News) May 5, 2023
തുടര്‍ന്ന് ഇരുകുടുംബങ്ങളും തമ്മില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് ഗജേന്ദ്ര സിങ് തോമറിന്റെ കുടുംബത്തിന് ഗ്രാമത്തിലേക്ക് മടങ്ങി വരാന്‍ അനുവാദം നല്കി. ഇന്ന് കുടുംബം ഗ്രാമത്തിലേക്ക് മടങ്ങിവന്നപ്പോള്‍ മുന്‍കൂട്ടി പദ്ധതിയിട്ടത് അനുസരിച്ച് ധീര്‍ സിങ് തോമറിന്റെ കുടുംബം ആക്രമിക്കുകയായിരുന്നു. മരിച്ചവരില്‍ ഗജേന്ദ്ര സിങ്ങ് തോമറും രണ്ടു മക്കളും ഉള്‍പ്പെടും. മുന്‍ വൈരാഗ്യമാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തോക്കേന്തിയ അക്രമികള്‍ ഗജേന്ദ്ര സിങ്ങ് തോമറിന്റെ കുടുംബത്തിന് നേരെ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവരെ വടി ഉപയോഗിച്ച് മര്‍ദ്ദിച്ചതിന് ശേഷമാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.