മുംബൈ: എന്‍.സി.പി. നേതൃസ്ഥാനത്ത് ശരത് പവാര്‍ തന്നെ തുടരണമെന്ന് പവാറിനോട് അഭ്യര്‍ഥിച്ച് മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം പ്രമേയം പാസാക്കി. എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള ശരത് പവാറിന്റെ രാജി കമ്മറ്റി തള്ളുകയും ചെയ്തു.പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ശരദ് പവാർ നിശ്ചയിച്ച 18 അംഗങ്ങൾ അടങ്ങിയ കോർ കമ്മിറ്റി യോഗമാണ് പവാറിന്റെ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്.
പവാറിന്റെ രാജി നിരസിക്കാനും നേതൃസ്ഥാനത്ത് അദ്ദേഹം തുടരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്ന പ്രമേയം മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലാണ് എന്‍സിപി യോഗത്തില്‍ അവതരിപ്പിച്ചത്. എന്‍സിപി കോര്‍കമ്മിറ്റിയുടെ പ്രമേയം പവാര്‍ അംഗീകരിക്കുമോ എന്നതാണ് ശ്രദ്ധേയം. മകള്‍ സുപ്രിയ സുലെയോ സഹോദര പുത്രന് അജിത് പവാറോ സീനിയര്‍ പവാറിന്റെ പിന്‍ഗാമിയായി വരുമെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.
സുപ്രിയക്ക് ദേശീയ അധ്യക്ഷസ്ഥാനം നല്കുന്നതിനോടൊപ്പം അജിത് പവാറിന് മഹാരാഷ്ട്രയുടെ ചുമതലനല്‍കി സമവായം ഉണ്ടാക്കാനുള്ള നീക്കവും ശക്തമായിരുന്നു. എന്നാല്‍ അജിത്പവാറിനെ അനുനയിപ്പിക്കുക എന്നത് പാര്‍ട്ടിക്ക് വെല്ലുവിളിയാണെന്നാണ് വിലയിരുത്തല്‍. അജിത്പവാറും കൂട്ടരും ബി.ജെ.പി. പക്ഷത്തേക്ക് മാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന് പവാര്‍ പ്രഖ്യാപിച്ചത്.