തൃശൂർ∙ ട്രാൻസ്മെൻ പ്രവീൺ നാഥ് അന്തരിച്ചു. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവച്ച് വിഷം കഴിച്ചിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. മിസ്റ്റർ കേരള ട്രാൻസ് മെൻ എന്ന രീതിയിൽ സുപരിചിതനാണ് പ്രവീൺ.
പാലക്കാട് നെന്മാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. ട്രാൻസ്വുമണ് റിഷാന ഐശുവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത് പ്രവീണിനെ തളർത്തിയിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലെന്നും വിവാഹമോചനത്തെപറ്റി ചിന്തിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം പ്രവീൺ പ്രതികരിച്ചിരുന്നു.
ബോഡി ബിൽഡർ ആയിരുന്ന പ്രവീൺ 2021ൽ മിസ്റ്റർ കേരള മത്സരത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ജേതാവായിരുന്നു. 2022 ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ്ങിന്റെ ഫൈനലിലും പ്രവീൺ മത്സരിച്ചു.