ചെന്നൈ: വിഖ്യാത മൃദംഗ വിദ്വാൻ കാരൈക്കുടി ആർ. മണി അന്തരിച്ചു. 77-വയസായിരുന്നു. വ്യാഴാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. അരനൂറ്റാണ്ടോളം കർണാടക സംഗീതലോകത്ത് നിറഞ്ഞു നിന്ന അതുല്യപ്രതിഭയായിരുന്നു. അവിവാഹിതനായ ഇദ്ദേഹത്തിന് ലോകത്തിന്റെ പലഭാഗങ്ങളിലായി നിരവധി ശിഷ്യരുണ്ട്.
കാരൈക്കുടി മണി ബാണി (ശൈലി) എന്നറിയപ്പെടുന്ന സ്വന്തമായ ശൈലി രൂപപ്പെടുത്തിയെടുത്തു. ലയമണി ലയം എന്ന പേരില്‍ ലോകം മുഴുവന്‍ പ്രചാരത്തിലുള്ള സംഗീത മാഗസിന്റെ ചീഫ് എഡിറ്ററാണ്.
എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ. പട്ടമ്മാള്‍, എം.എൽ. വസന്തകുമാരി, മധുരൈ സോമു, ടി.എം. ത്യാഗരാജൻ, ഡി.കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ തുടങ്ങി മുൻകാല വിഖ്യാത സംഗീതജ്ഞർക്കൊപ്പവും ഇക്കാലത്തെ പ്രശസ്ത സംഗീതജ്ഞരായ സഞ്ജയ് സുബ്രഹ്മണ്യൻ, ടി.എം. കൃഷ്ണ എന്നിവർക്കും അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്.