തിരുവനന്തപുരം: ഗർഭാവസ്ഥയിൽ പ്ലാസന്റയിൽ ട്യൂമർ ബാധിച്ച 26 ആഴ്ച മാത്രം പ്രായമുള്ള ഗർഭസ്ഥശിശുവിന് ‘മൈക്രോകോയിൽ എംബോളൈസേഷൻ തെറാപ്പിയിലൂടെ’ പുതുജീവൻ. പ്ലാസന്റയിൽ കാണപ്പെടുന്ന അപൂർവ തരം ട്യൂമറായ ‘കൊറാഞ്ചിയോമ’ (Chorioangioma) കണ്ടെത്തിയതിനെ തുടർന്നാണ് തമിഴ്നാട് സ്വദേശിനിയായ 30 വയസ്സുകാരി തിരുവനന്തപുരം കിംസ്ഹെൽത്തിലെത്തുന്നത്. തുടർന്ന് രോഗിയിൽ നടത്തിയ വിശദപരിശോധനയിലാണ് 6 സെന്റീമീറ്ററോളം വലുപ്പമുള്ള പ്ലാസന്റൽ ട്യൂമറാണെന്ന് (Giant Chorioangioma) സ്ഥിരീകരിക്കുന്നത്. ഗർഭപാത്രത്തിൽ കുഞ്ഞിന് ചുറ്റുമുള്ള ദ്രാവകം കൂടുതലായിരുന്നതിനാലും ഗർഭസ്ഥശിശുവിൽ അനീമിയയുടെ തെളിവുകൾ പ്രകടമായിരുന്നതിനാലും ചികിത്സിക്കാത്ത പക്ഷം കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് ഡോക്ടർമാർ വിലയിരുത്തി. പൊക്കിൾക്കൊടി ട്യൂമറിനോട് ചേർന്ന് കിടക്കുന്നതിനാൽ റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ (ആർഎഫ്എ) പ്രൊസീജിയർ ചെയ്യുന്നതും കുഞ്ഞിന്റെ ജീവൻ കൂടുതൽ അപകടകരമാണെന്ന നിഗമനത്തിൽ മെഡിക്കൽ സംഘമെത്തി. ഈ സാഹചര്യത്തിലാണ്, ഹൈ റിസ്ക് പ്രെഗ്നൻസി & ഫീറ്റൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റും കോർഡിനേറ്ററുമായ ഡോ. വിദ്യാലക്ഷ്മി ആർ, ഹൈ റിസ്ക് പ്രെഗ്നൻസി ആൻഡ് ഫീറ്റൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. ബൃന്ദ സാബു എന്നിവരുടെ നേതൃത്വത്തിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. റഫീഖ പി, ഇന്റർവെൻഷണൽ റേഡിയോളജി ആൻഡ് ഇമേജിംഗ് വിഭാഗം കൺസൾട്ടന്റ്, ഡോ. മനീഷ് യാദവ്, അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സാഹിൽ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘം മിനിമലി ഇന്വേസീവ് രീതിയായ മൈക്രോകോയിൽ എംബോളൈസേഷൻ തെറാപ്പിയിലൂടെ ട്യൂമറിലേക്കുള്ള രക്തയോട്ടം തടഞ്ഞത്.
മൈക്രോകോയിൽ എംബോളൈസേഷൻ തെറാപ്പിയിലൂടെ
ഫൈബർ കോയിലുകൾ ഉപയോഗിച്ച് കൊറാഞ്ചിയോമയിലേക്കുള്ള രക്തയോട്ടം തടയുന്ന സങ്കീർണ്ണ പ്രക്രിയയാണ് മൈക്രോകോയിൽ എംബോളൈസേഷൻ. അൾട്രാസൗണ്ട് ഗൈഡൻസ് ഉപയോഗിച്ച് കത്തീറ്ററിന്റെ സഹായത്തോടെയാണ് കോയിലുകൾ രക്തകുഴലിലേക്ക് കടത്തി വിടുന്നത്. ട്യൂമറിന്റെ വളർച്ച നിയന്ത്രിക്കാനായതോടെ, ഗർഭാവസ്ഥ സാധാരണഗതിയിൽ തുടരാൻ സാധിക്കുകയും യുവതി പൂർണ വളർച്ചയെത്തിയ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
ഹ്രസ്വമായ ആശുപത്രി വാസം, വേഗത്തിലുള്ള സുഖംപ്രാപിക്കൽ, ചെലവ് കുറവ് എന്നിവയോടൊപ്പം മേജർ അനസ്തേഷ്യ ആവശ്യമായി വരുന്നില്ലായെന്നതും ഫീറ്റൽ തെറാപ്പിക്ക് കീഴിൽ വരുന്ന ഈ രീതിയുടെ പ്രത്യേകതയാണ്. ലോകമെമ്പാടുമായി 5-ൽ താഴെ കേസുകളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മൈക്രോകോയിൽ എംബോളൈസേഷൻ തെറാപ്പി ഇതാദ്യമായി കേരളത്തിൽ കിംസ്ഹെൽത്താണ് അവതരിപ്പിക്കുന്നത്. ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള ഈ അപൂർവ പ്രൊസീജിയർ വിജയകരമായി പൂർത്തികരിക്കാൻ സാധിച്ചതിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ട്, ഇതിന്റെ ഫലമാണ് അമ്മയും കുഞ്ഞും പൂർണാരോഗ്യത്തോടെയായരിക്കുന്നതെന്നും ഡോ.വിദ്യാലക്ഷ്മി ആർ പറഞ്ഞു.